ഈ കുഴികൾ നിങ്ങളെ വീഴ്ത്തും
text_fieldsതൊടുപുഴ: കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ പടുകുഴികൾ. തകർന്ന റോഡുകളിലും അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയവയുടെ പ്രധാന ഭാഗങ്ങളിലുമാണ് വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ, റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായി. എന്നാൽ, റോഡ് നന്നാക്കാൻ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ചും അനുവദിച്ച കോടികളെക്കുറിച്ചും ഇടക്കിടെ പറയുന്നതല്ലാതെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമില്ല.
തൊടുപുഴ നഗരത്തിൽ കാഞ്ഞിരമറ്റം ബൈപാസ്-മങ്ങാട്ടുകവല റോഡ്, മൂപ്പിൽകടവ്-കാഞ്ഞിരമറ്റം റോഡ്, മാർക്കറ്റ് റോഡ്, മൂലമറ്റം റോഡ് തുടങ്ങിയ റോഡുകളിലാണ് ഏറ്റവും അപകടകരമായ കുഴികൾ. ചുരുങ്ങിയ ദൂരത്തിനിടയിൽതന്നെ റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികൾ എന്നതാണ് അവസ്ഥ. പൂർണമായും തകർന്ന ഭാഗങ്ങൾ മാത്രം മാസങ്ങൾക്ക് മുമ്പ് ടൈൽ വിരിച്ചും അറ്റകുറ്റപ്പണി നടത്തിയും താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയപ്പോൾ മറ്റ് ഭാഗങ്ങളിൽ കുഴിയും കിടങ്ങുകളും രൂപപ്പെട്ട് സഞ്ചാരത്തിന് പറ്റാതായി. ദിവസവും ആയിരക്കണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന വഴികളിലാണ് കുഴികൾ. മഴക്കാലം ആരംഭിച്ചതോടെ വെള്ളം കെട്ടിനിന്നും ഭാരവാഹനങ്ങൾ കയറിയിറങ്ങിയും കുഴികൾ കൂടുതൽ ആഴവും വ്യാപ്തിയുമുള്ളതാകുകയാണ്.
ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ് യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. ഈ വഴികളിലൂടെയുള്ള പതിവ് സഞ്ചാരം മൂലം വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതായും പരാതിയുണ്ട്. പലരും അടുത്തെത്തുമ്പോൾ മാത്രമാണ് കുഴിയുള്ള കാര്യം അറിയുക എന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ യാത്രക്കാരുടെ ശ്രദ്ധയിൽപെടാതെയും അപകടം സംഭവിക്കുന്നുണ്ട്. റോഡിൽ കുഴി രൂപപ്പെട്ട പല ഭാഗങ്ങളിലും രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ല എന്നതും പ്രശ്നമാണ്.
കുഴിനിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതുമൂലം റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്. ടൈൽ പാകിയ സ്ഥലങ്ങളിൽ ടാറിങ്ങിനോട് ചേരുന്ന ഭാഗം പൊട്ടിപ്പൊളിഞ്ഞും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
- മഴ മാറിയാൽ കുഴിയടക്കും --നഗരസഭ ചെയർമാൻ
തൊടുപുഴ: നഗരത്തിലെ റോഡുകളിലെ അപകടകരമായ കുഴികൾ പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്. അടിക്കടിയുള്ള മഴയാണ് നിലവിലെ തടസ്സം. മഴ മാറുന്ന മുറക്ക് കുഴികൾ അടക്കാമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
- മുട്ടത്തൊരു മുട്ടൻ കുഴി
മുട്ടം: മുട്ടം പെട്രോൾ പമ്പിന് മുന്നിൽ മുട്ടൻ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്. പൊട്ടിയ പൈപ്പ് മാറ്റി കോൺക്രീറ്റ് ചെയ്തെങ്കിലും ആഴ്ചകൾക്കകം റോഡ് ഇടിഞ്ഞ് താഴ്ന്നു.
നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിലാണ് ഈ കുഴി. ജില്ല ആസ്ഥാനത്തേക്കും കലക്ടറേറ്റിലേക്കും മറ്റും പോകുന്ന വിവിധ വകുപ്പ് മേധാവികൾ ഇത്തരം കുഴികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.