Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightമഴക്കാലപൂർവ...

മഴക്കാലപൂർവ ശുചീകരണത്തിന് കർമപദ്ധതി: പനിബാധിതരുടെ എണ്ണത്തിൽ നേരിയ വർധന

text_fields
bookmark_border
മഴക്കാലപൂർവ ശുചീകരണത്തിന് കർമപദ്ധതി:  പനിബാധിതരുടെ എണ്ണത്തിൽ നേരിയ വർധന
cancel
Listen to this Article

തൊടുപുഴ: വേനൽമഴ ഇടവിട്ടുപെയ്യുന്ന സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങൾക്കു സാധ്യതയെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. മഴക്കാല പൂർവ ശുചീകരണ ഭാഗമായി പ്രത്യേക കർമപദ്ധതി തന്നെ രൂപവത്കരിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജില്ലയിൽ പനിയും ചുമയുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ അടുത്തിടെ നേരിയ വർധനയുണ്ടായതായി ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 1086 പേരാണ് ഒരാഴ്ചക്കിടെ പനിക്ക് ചികിത്സതേടി സർക്കാർ ആശുപത്രിയിലെത്തിയത്. ഇതിന്‍റെ ഇരട്ടിയലധിംപേർ സ്വകാര്യ ആശുപത്രികളെയോ ക്ലിനിക്കുകളെയോ ആശ്രയിച്ചിട്ടുണ്ട്. മാത്രമല്ല മെഡിക്കൽ സ്റ്റോറുകളിലെത്തി രോഗം പറഞ്ഞ് മരുന്നുവാങ്ങി പോകുന്നവരുമുണ്ട്. ഇത് കൂടാതെ ജില്ലയിൽ അഞ്ചുപേർ ഡെങ്കിപ്പനി ബാധിതരെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിൽ കുടുതൽ ജാഗ്രത പാലിക്കണം. കൊതുകിന്‍റെ ഉറവിട നശീകരണമടക്കമുള്ള നടപടികളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. പാത്രങ്ങളിലും കുപ്പികളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് നൽകുന്ന നിർദേശങ്ങളിൽ പ്രധാനം. ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്നും അധികൃതർ അറിയിച്ചു.

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

വേനൽ കടുത്ത സാഹചര്യത്തിൽ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ തുടങ്ങിയ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ടേൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം, കൈയിൽ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുക. വേനൽ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ചെറുപാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ, അടപ്പുകൾ തുടങ്ങിയവ ശേഖരിച്ച് മഴ നനയാത്ത വിധം സൂക്ഷിക്കണം. റബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തിവെക്കണം. ടയറുകൾ, വെട്ടിയ കരിക്കുകൾ, വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള കുഴികൾ തുടങ്ങിയവയുടെ ഉൾഭാഗം മണ്ണിട്ട് മൂടണം. പാനീയങ്ങൾ, പഴച്ചാറുകൾ തുടങ്ങിയവ വാങ്ങി കുടിക്കുന്നവർ അതുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം, വഴിയോരങ്ങളിലും കടകളിലും തുറന്നുവെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്, പഴവർഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക. ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും മലവിസർജനത്തിന് ശേഷവും സോപ്പുപയോഗിച്ച് നിർബന്ധമായും കൈകൾ കഴുകണം.

മെഗാ മെഡിക്കല്‍ ക്യാമ്പ്

കുമാരമംഗലം: എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും അൽ അസ്ഹർ മെഡിക്കല്‍ കോളജും സംയുക്തമായി നടത്തിയ മെഡിക്കല്‍ ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറിൽപരം രോഗികൾ പങ്കെടുത്തു. കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷമീന നാസർ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ അൽ അസ്ഹർ മെഡിക്കല്‍ കോളജിലെ ജനറൽ മെഡിസിന്‍, ജനറല്‍ സർജറി, നേത്രരോഗം, അസ്ഥിരോഗം, ത്വഗ്രോഗം, ശിശുരോഗം, ദന്തചികിത്സ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാർ രോഗികളെ പരിശോധിക്കുകയും മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. തുടർ ചികിത്സ വേണ്ടവർക്ക് അൽ അസ്ഹർ മെഡിക്കല്‍ കോളജിൽ സൗജന്യ നിരക്കിൽ നൽകുമെന്ന് അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monsoon rainflu cases
News Summary - Action plan for pre-monsoon cleaning: Slight increase in the number of flu cases
Next Story