സജീവമായി സ്കൂൾ വിപണി; പ്രതീക്ഷയിൽ വ്യാപാരികൾ
text_fieldsതൊടുപുഴ: രണ്ട് വർഷത്തെ ഇടവേളക്കുശേഷം സ്‌കൂൾ വിപണിയിൽ ആളനക്കം. കോവിഡിന് ശേഷമുള്ള ഇത്തവണത്തെ വിപണിയെ പ്രതീക്ഷയോടെയാണ് വ്യാപാരികൾ നോക്കിക്കാണുന്നത്. കഴിഞ്ഞ ആഴ്ചയോടെ വിപണികൾ ആരംഭിച്ചിരുന്നു. നിലവിൽ നല്ല തിരക്കാണ് മിക്ക കടകളിലും അനുഭവപ്പെടുന്നത്. ഭൂരിഭാഗം കച്ചവടക്കാരും കൂടുതൽ സ്റ്റോക്കുകളാണ് കടകളിൽ എത്തിച്ചിരിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന ബാഗുകളാണ് വിപണിയിലെ താരം. കുടകൾക്കും ബാഗിനും കഴിഞ്ഞ വർഷത്തെക്കാൾ 10 മുതൽ 15 ശതമാനം വരെ വിലവർധന ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
350 മുതൽ 1600 രൂപ വരെയാണ് ബാഗുകൾക്ക് വില. മഴക്കാലമായതിനാൽ റെയിൻ കോട്ടുകൾക്കും ആവശ്യക്കാരുണ്ട്. 200 രൂപ മുതൽ കുട്ടികളുടെ റെയിൻകോട്ടുകൾ വിപണിയിൽ ലഭ്യമാണ്. മറ്റ് മേഖലകളിൽ ഉള്ളതിന് സമാനമായി സ്കൂൾ വിപണിയെയും വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബാഗ്, കുട എന്നിവക്ക് പുറമേ നോട്ട്ബുക്ക്, ബോക്‌സ്, പൗച്ച്, പേന, പെൻസിൽ, ബ്രൗൺ പേപ്പർ എന്നിവയെല്ലാം മുൻ വർഷങ്ങളിലേതിനേക്കാൾ വില വർധിച്ചിട്ടുണ്ട്. നോട്ട്ബുക്കിന് 30 മുതൽ 70 വരെ വിലയുണ്ട്. പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പർ റോളിന് ശരാശരി 60-100 രൂപയാണ് വില. കഴിഞ്ഞതവണ 45 രൂപക്ക് വിറ്റ കോളജ് നോട്ടുബുക്കിന് ഇത്തവണ 50 രൂപയാണ് വില. മറ്റു ബുക്കുകളുടെ വിലയും സമാനമായി വർധിച്ചിട്ടുണ്ട്.
അതേസമയം വിപണിയിൽ ഉണർവുണ്ടെങ്കിലും തുടർച്ചയായി മഴ പെയ്യുന്നത് ചെറിയൊരു ആശങ്കക്കിടയാക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. എങ്കിലും അടുത്ത ആഴ്ചയോടെ വിപണി തിരക്കിലാകുമെന്നാണ് ഇവർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.