അടിമാലി-കുമളി ദേശീയപാത: സ്ഥലമേറ്റെടുപ്പിന് 350.75 കോടി
text_fieldsതൊടുപുഴ: ദേശീയപാതയിലെ അടിമാലി-കുമളി വരെ ആധുനിക രീതിയിൽ നവീകരിക്കാൻ സ്ഥലമേറ്റെടുപ്പിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 350.75 കോടി രൂപ (സാമ്പത്തികാനുമതി) അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.ടു- ലൈൻ പേവ്ഡ് ഷോൾഡർ നിർമാണ പ്രവർത്തനങ്ങൾക്കും വിപുലീകരണത്തിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ മൂവാറ്റുപുഴ ദേശീയപാത വിഭാഗം നേരത്തേ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു.
അംഗീകാരം ലഭിക്കാൻ താമസം നേരിട്ടപ്പോൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കഴിഞ്ഞ പാർലമെന്റ് സമ്മേളന സമയത്ത് എം.പി നേരിൽ കണ്ട് സംസാരിച്ചിരുന്നു.റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി 1180 കോടി രൂപയുടെ ഡി.പി.ആർ ദേശീയപാത വിഭാഗം കേന്ദ്രത്തിന് നേരത്തേ സമർപ്പിച്ചതാണ്. എൻ.എച്ച് 183നെയും എൻ.എച്ച് 85നെയും ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നുപോകുന്നതുമായ ദേശീയപാത 185ലുള്ള ചെറുതോണി പാലം നിർമാണം പൂർത്തിയായി വരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയുടെ കവാടമായ കുമളിയെയും മൂന്നാറിന്റെ കവാടമായ അടിമാലിയെയും ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയെയും ജില്ല ആസ്ഥാന പട്ടണമായ ചെറുതോണിയെയും ബന്ധിപ്പിക്കുന്ന എൻ.എച്ച് 185ന്റെ വികസനം ശബരിമല തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും ജില്ലയിലെ ജനങ്ങളുടെയാകെ താൽപര്യവും പ്രതീക്ഷയുമാണെന്ന് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.