കോളനികളിലെ തുടർവിദ്യാഭ്യാസത്തിന് ‘മുന്നേറ്റം’
text_fieldsതൊടുപുഴ: പട്ടികജാതി-വർഗ കോളനികളിലെ പഠനം മുടങ്ങിയവരെയും നിരക്ഷരരെയും കണ്ടെത്തി തുടർവിദ്യാഭ്യാസം നൽകുന്നതിന് ‘മുന്നേറ്റം’ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന സാക്ഷരത മിഷൻ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകൾ, മഹിളാ സമഖ്യ സൊസൈറ്റി എന്നിവ സംയുക്തമായാണ് 25 പട്ടികജാതി-വർഗ കോളനികളിൽ പദ്ധതി തുടങ്ങുന്നത്.
അടിമാലി പഞ്ചായത്തിലെ കോളനികളായ ചൂരക്കുട്ടൻ, തുമ്പിപ്പാറ, കട്ടമുടി, കുറത്തിക്കുടി, പടിക്കപ്പ്, തലനിരപ്പൻ, കുളമാൻകുഴി, തട്ടേക്കണ്ണൻ, പട്ടയിടമ്പ്, പ്ലാമല, ഞാവൽപാറ, ചിന്നപ്പാറ, കൊടകല്ല് എന്നിവയും മൂന്നാർ പഞ്ചായത്തിൽ ലക്കവും ദേവികുളം പഞ്ചായത്തിലെ കുണ്ടളയും മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടം, വേലിയാംപാറ, കമ്പനിക്കുടി എന്നിവയും പള്ളിവാസലിലെ വെങ്കായപ്പാറയും മറയൂർ പഞ്ചായത്തിലെ തീർഥമല, ആലംപെട്ടി, നെല്ലിപ്പട്ടി, കരിമുട്ടി എന്നിവയും കാന്തല്ലൂരിലെ ചമ്പക്കാട്, ദണ്ഡുകൊമ്പ് എന്നീ കോളനികളുമാണ് ആദ്യഘട്ട നടത്തിപ്പിനായി തെരഞ്ഞെടുത്തത്. ജെ.എസ്.എസ്, എസ്.എസ്.കെ, ജനമൈത്രി എക്സൈസ്, വനം വകുപ്പ്, ഊരുകൂട്ടങ്ങളിലെ ഇൻസ്ട്രക്ടർമാർ, ആശാ വർക്കർമാർ, സാമൂഹിക പഠനമുറികളിലെ അധ്യാപകർ, സാക്ഷരത പ്രേരക്മാർ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന കോളനികളിൽ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. ജില്ലയിൽ പട്ടികവർഗ കോളനികളിലടക്കം വിദ്യാർഥികൾക്കിടയിൽ സ്കൂളുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്കും കൂടി വരുന്ന സാഹചര്യമുണ്ട്.
കോവിഡിന് മുമ്പ് ഇത്തരത്തിൽ പോകുന്ന കുട്ടികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ചിരുന്നു. ഇപ്പോൾ കുട്ടികളുടെ കണക്കുകളിൽ അവ്യക്തതയുണ്ട്. ചില കുട്ടികളെങ്കിലും പഠനം ഉപേക്ഷിച്ചതായും ചൂണ്ടിക്കാട്ടുന്നു.
പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പ്രയോജനപ്പെടാത്ത സാഹചര്യവുമുണ്ട്. കുട്ടികളെ തുടർവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നൽകി പഠനത്തിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. കൊഴിഞ്ഞുപോക്ക് കുറക്കുക, പഠനം മുടങ്ങിയ കുട്ടികളെ തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തിൽ ഫീസടക്കം സൗജന്യമാക്കി മികച്ച സൗകര്യം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരെ നാലാംതരത്തിലേക്കും തുടർന്ന് ഏഴാം തരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലും ചേർത്ത് തുടർവിദ്യാഭ്യാസം നല്കാനാണ് പദ്ധതി. ആഗസ്റ്റ് 15നകം പഠിതാക്കളുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കും. വരും വർഷങ്ങളിൽ ജില്ലയിലെ മറ്റു കോളനികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്ന് സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽകരീം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.