പ്രായവും പ്രയാസവും മറന്നു; ഇവരെത്തി പരീക്ഷ ഹാളിലേക്ക്...
text_fieldsതൊടുപുഴ: പ്രായമൊക്കെ വെറും സംഖ്യമാത്രമാണെന്ന് തെളിയിക്കുകയായിരുന്നു കഴിഞ്ഞ ദിവസം ജില്ലയിൽ സാക്ഷരത പരീക്ഷ എഴുതാനെത്തിയവർ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സാക്ഷരത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നവസാക്ഷരത നേടിയ 6000ത്തോളം പേരാണ് ചൊവ്വാഴ്ച ജില്ലയിൽനിന്ന് സാക്ഷരത പരീക്ഷ എഴുതിയത്. രോഗക്കിടയിൽനിന്ന് പരീക്ഷ എഴുതാൻ വന്നവർ മുതൽ മലയാളം ചേർത്തുവായിക്കാൻ കൊതികൊണ്ട് എത്തിയവർ വരെയാണ് സാക്ഷരത പരീക്ഷയെഴുതാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂട്ടത്തോടെയെത്തിയത്. ഇവരിൽ ചിലരെ കാണാതിരിക്കാൻ ആവില്ല...
രോഗക്കിടക്കയിലും മുത്തുലക്ഷ്മി മറന്നില്ല പരീക്ഷയെഴുതാൻ
തൊടുപുഴ: കുമളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ലബ്ബക്കണ്ടം പെരിയാർകോളനിയിലെ 67കാരി മുത്തുലക്ഷ്മി അർബുദബാധിതയാണ്. പാലായിലാണ് ചികിത്സ. എട്ട് വർഷം മുമ്പാണ് രോഗബാധിതയായത്.
രോഗം അലട്ടുന്ന വേദന ഒരുവഴിക്ക്. മറുവശത്ത് കുട്ടിക്കാലത്ത് കൂട്ടിവായിക്കാൻ കഴിയാതെ പോയതിന്റെ നിരാശയും. നേരത്തേ സാക്ഷരത യജ്ഞം നടന്ന കാലത്ത് സാക്ഷരത ക്ലാസിലെത്തി അൽപമൊക്കെ പഠിച്ചിരുന്നു. ഇന്നതെല്ലാം മറന്നു. സ്കൂളിൽ പോയിട്ടില്ല.
അങ്ങനെയിരിക്കെയാണ് കുമളി പഞ്ചായത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ്) ഭാഗമായി സാക്ഷരത ക്ലാസ് ആരംഭിക്കുന്നത്. വിവരമറിഞ്ഞ മുത്തുലക്ഷ്മി സാക്ഷരത ക്ലാസിൽ ചേരുകയായിരുന്നു. ഭർത്താവ് മുത്തുവും സാക്ഷരത പഠിതാവാണ്. രോഗത്തിന്റെ പ്രയാസങ്ങൾ അലട്ടുന്നതിനാൽ വീട്ടിൽ ഇരുന്നാണ് മുത്തുലക്ഷ്മി ഡിസംബർ 10ന് നടന്ന സാക്ഷരത പരീക്ഷയെഴുതിയത്.
കുമളി ട്രൈബൽ സ്കൂളായിരുന്നു കേന്ദ്രം. ഇൻസ്ട്രക്ടർമാരായ പ്രദീവും ഷംനയുമാണ് സഹായത്തിനെത്തിയത്. മുത്തുലക്ഷ്മിക്കൊപ്പം ഭർത്താവ് മുത്തുവും പരീക്ഷയെഴുതി. മകളോടൊപ്പമാണ് മുത്തുലക്ഷ്മിയുടെ താമസം. രോഗവും ചികിത്സയും അലട്ടുമ്പോഴും സാക്ഷരത പരീക്ഷ എഴുതാനായതിന്റെ സന്തോഷത്തിലാണ് മുത്തുലക്ഷ്മി.
പഠിച്ചതെല്ലാം മറന്നു; വീണ്ടുമെത്തി രാധാകൃഷ്ണനും തങ്കമണിയും
തൊടുപുഴ: ഏലപ്പാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ തണ്ണിക്കാനം പടിപ്പുരക്കൽ രാധാകൃഷ്ണൻ (75) വലിയ പ്രതീക്ഷയിലാണ്. കുട്ടിക്കാലത്ത് നഷ്ടപ്പെട്ട പഠനാവസരം തിരികെ പിടിക്കാൻ അവസരം വന്നതിന്റെയാണ് പ്രതീക്ഷ. രാധാകൃഷ്ണൻ ഒറ്റക്കല്ല പരീക്ഷ എഴുതാൻ എത്തിയത്. ഭാര്യ തങ്കമണിയും ഉണ്ടായിരുന്നു. തങ്കമണിക്കും തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ട്. രാധാകൃഷ്ണൻ തൊണ്ണൂറുകളിലെ സാക്ഷരത യജ്ഞം കാലത്ത് കോട്ടയം ജില്ലയിലെ പാമ്പാടിയിൽ സാക്ഷരത ക്ലാസിൽ പങ്കെടുത്തിരുന്നു. മരപ്പണിയാണ് തൊഴിൽ. മലയാളം എഴുതാനും വായിക്കാനും പഠിക്കുകയും ചെയ്തു. പക്ഷേ, അന്നു പഠിച്ചതെല്ലാം മറന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഏലപ്പാറ പഞ്ചായത്തിൽ സാക്ഷരത ക്ലാസുകൾ ആരംഭിക്കുന്നത്. വിവരമറിഞ്ഞ് രാധാകൃഷ്ണനും ഭാര്യ തങ്കമണിയും സാക്ഷരത ക്ലാസിൽ ചേരുകയായിരുന്നു. സാക്ഷരത പരീക്ഷ ജയിച്ച് തുടർന്ന് സാക്ഷരത മിഷന്റെ നാലാം തരം തുല്യത കോഴ്സിൽ ചേരാണ് ഇരുവരും ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.