തരിശുനിലങ്ങളിൽ നൂറുമേനി വിള; ജില്ലയിൽ കൃഷി 590 ഹെക്ടറിൽ
text_fieldsതൊടുപുഴ: തരിശുഭൂമികൾ വിളനിലങ്ങളാകുന്ന പദ്ധതി ജില്ലയിൽ കൂടുതൽ ഇടങ്ങളിലേക്ക്. നെല്ലും പച്ചക്കറികളുമടക്കം വിവിധ കാർഷിക വിളകളാണ് തരിശുനിലങ്ങളിൽ ഉൽപാദിപ്പിക്കുന്നത്. സർക്കാർ സബ്സിഡിയോടെയാണ് കൃഷി നടപ്പാക്കിവരുന്നത്. തരിശുഭൂമികളിൽ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ പദ്ധതി പ്രകാരം 590 ഹെക്ടറിലാണ് നിലവിൽ കൃഷിയുള്ളത്.
2016ലാണ് ജില്ലയിൽ കൃഷി ആരംഭിച്ചത്. എന്നാൽ, 2018നു ശേഷമാണ് പദ്ധതി ജില്ലയിൽ വ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രളയം, കോവിഡ് എന്നിവക്കു ശേഷം ഭക്ഷ്യോൽപന്നങ്ങൾ പരമാവധി സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കൂടുതൽ തുക അനുവദിച്ച് തരിശുഭൂമികളിലെ കൃഷിക്ക് പ്രാധാന്യം നൽകിയത്. സുഭിക്ഷ കേരളം പദ്ധതിയോട് ചേർന്നാണ് ജില്ലയിൽ കൃഷി നടപ്പാക്കിയത്. തരിശായി കിടക്കുന്ന ഭൂമി ഏറ്റെടുത്ത് നെൽകൃഷിയിറക്കുക എന്നതായിരുന്നു മുഖ്യം. 2022-24ൽ മാത്രം 110 ഹെക്ടറിൽ കൃഷിയിറക്കി. നെല്ല്, പയർ, വഴുതന, വെണ്ട, പാവൽ, പടവലം, വെള്ളരി, വാഴ, മരച്ചീനി, ചെറുധാന്യങ്ങൾ തുടങ്ങി ജില്ലയുടെ കാലാവസ്ഥക്കനുസരിച്ച എല്ലാ വിളകളും വിവിധ മേഖലകളിൽ കൃഷിചെയ്തു വരുന്നു.
മറയൂർ, വട്ടവട, കാന്തല്ലൂർ മേഖലകളിലെ ശീതകാല പച്ചക്കറി കൃഷികളും പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നുണ്ട്. ആകെ 314 ഹെക്ടറിൽ പച്ചക്കറികൾ മാത്രം കൃഷിചെയ്യുന്നുണ്ടെന്നാണ് കണക്ക്. 30 ഹെക്ടറോളം നെൽകൃഷിയുമുണ്ട്. ദേവികുളം, കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. വിളകൾക്കും കൃഷി സ്ഥലത്തിന്റെ വിസ്തീർണത്തിനും അനുസരിച്ചാണ് സബ്സിഡി ലഭ്യമാക്കുന്നത്. അപേക്ഷ സമർപ്പിച്ചാൽ കൃഷി വകുപ്പ് ജീവനക്കാർ സ്ഥലം സന്ദർശിച്ച് വിലയിരുത്തും. പിന്നീട് തുക ബാങ്ക് അക്കൗണ്ട് വഴി നൽകും. കൂടുതലും വ്യക്തിഗത കൃഷിയായിരുന്നെങ്കിലും ഇപ്പോൾ കാർഷിക ഗ്രൂപ്പുകളും പദ്ധതി നടപ്പാക്കുന്നു. സ്ഥലം പാട്ടത്തിനെടുത്തും പദ്ധതിയുടെ ഭാഗമാകാം. 67 ഹെക്റിലാണ് ജില്ലയിൽ പാട്ടഭൂമിയിലെ തരിശുകൃഷി. ഈ സാഹചര്യത്തിൽ സബ്സിഡി തുകയിൽ ഒരുവിഹിതം സ്ഥലമുടമക്കും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.