കുരുന്നുകളുടെ കരുതലാണീ 'കാരുണ്യപ്പെട്ടി'
text_fieldsതൊടുപുഴ: പിറന്നാൾ ദിനവും വിശേഷ ദിവസങ്ങളുമൊക്കെ എത്താൻ കാത്തിരിക്കുകയാണ് ആലക്കോട് ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിലെ കുട്ടികൾ. കേക്കും മിഠായിയുമൊന്നും വാങ്ങാനല്ല ഈ കാത്തിരിപ്പ്. ഇതിനൊക്കെയായി മാറ്റി വെച്ചിരിക്കുന്ന പണം തങ്ങളുടെ സ്കൂളിലെ കാരുണ്യപ്പെട്ടിയിൽ നിക്ഷേപിക്കാനുള്ള ഉത്സാഹമാണ് ഇതിന് പിന്നിൽ.
രണ്ട് മാസം മുമ്പാണ് അടിയന്തര സന്ദർഭങ്ങളിൽ സ്കൂളിലെ തന്നെ സഹായം വേണ്ട കൂട്ടുകാർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തിൽ സ്കൂളിലൊരു കാരുണ്യപ്പെട്ടി എന്ന ആശയം കുട്ടികൾക്കിടയിൽ അവതരിപ്പിക്കുന്നത്. ഇതിനായി ഓഫിസ് മുറിക്ക് മുന്നിൽ പെട്ടിയും സ്ഥാപിച്ചു.
പിറന്നാൾ ദിനത്തിലും മറ്റും മധുരപലഹാരങ്ങളൊക്കെ വാങ്ങാനായി നീക്കിവെക്കുന്ന ചെറിയ തുകകൾ മറ്റുള്ളവർക്ക് സഹായകമാകുന്ന രീതിയിൽ പെട്ടിയിൽ നിക്ഷേപിക്കുകയാണ് കാരുണ്യപ്പെട്ടിയുടെ ഉദ്ദേശ്യമെന്ന് രക്ഷിതാക്കളെ സ്കൂളിന്റെ വാട്സ് ആപ് ഗ്രൂപ്പിൽ അറിയിക്കുകയും ചെയ്തു. എല്ലാ പ്രവൃത്തി ദിനത്തിലും പെട്ടി സ്കൂളിന് മുന്നിലുണ്ടാകും.
പദ്ധതി തുടങ്ങി ആദ്യ ദിനങ്ങളിൽ തന്നെ അത്ഭുതപ്പെടുത്തുന്ന ആവേശത്തോടെയാണ് കുട്ടികൾ പ്രതികരിച്ചത്. തങ്ങൾക്കാകുന്ന വലുതും ചെറുതുമായ തുകകളുമായി അവർ കാരുണ്യപ്പെട്ടിക്ക് മുന്നിലെത്തി. അഞ്ഞൂറിന്റെ നോട്ടുകൾ വരെ പെട്ടിയിലുണ്ടായിരുന്നതായി അധ്യാപകർ പറയുന്നു.
മക്കളുടെ മനസ്സിൽ കാരുണ്യം വളരാൻ രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് ആവേശം പകരാൻ അധ്യാപകരും തുക നിക്ഷേപിക്കാൻ തുടങ്ങിയതോടെ പദ്ധതി വൻ വിജയം.
ഒന്നുമുതൽ നാല് വരെ ക്ലാസുകളിലായി 210 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.ഇതുവരെ പതിനാലായിരത്തോളം രൂപ കാരുണ്യപ്പെട്ടിയിൽ ലഭിച്ചു. കാലവർഷത്തിൽ വീട് തകർന്ന സഹപാഠിയുടെ ഭവന നിർമാണത്തിനും മറ്റൊരു കുട്ടിയുടെ പിതാവിന്റെ അർബുദ ചികിത്സക്കും കാരുണ്യപ്പെട്ടിയിൽ നിന്ന് സഹായമെത്തി. നവംബറിൽ ലഭിക്കുന്ന പണം കൊണ്ട് കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ചെറിയ സഹായങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് പറഞ്ഞു.
കാലവർഷത്തിൽ വീട് തകർന്ന കുട്ടിക്ക് സഹായം നൽകണമെന്ന് പറഞ്ഞപ്പോൾ 1500 രൂപ വരെ കാരുണ്യപ്പെട്ടിയിലിട്ടവരുണ്ടെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. സ്കൂൾ ലീഡർ അലീന ജൂബി, സ്കൂൾ സെക്രട്ടറി നജാദ് നൗഷാദ്, അധ്യാപകരായ അരുൺ ജോർജ് , ചാൾസ് മാത്യു, ടോണി ടോമി, ബിയ ആന്റണി, മോളി മാത്യു, എം.എസ് അൻസീന, പി.ആർ രമ്യാമോൾ, സുമി റോയ്, ബിൻസി മാർട്ടിൻ, ജെസി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യപ്പെട്ടിയുടെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.