വേദി കീഴടക്കി കുരുന്നുകള്; ശ്രദ്ധേയമായി അംഗൻവാടി കുട്ടികളുടെ കലോത്സവം
text_fieldsതൊടുപുഴ: അംഗൻവാടിയിൽ ടീച്ചർ ചൊല്ലി കൊടുത്ത പാട്ടുകൾ ഓർത്തെടുത്ത് കുഞ്ഞുങ്ങൾ പാടുന്നത് നിറകൈയടികളോടെയാണ് സദസ് വരവേറ്റത്. ചിലരൊക്കെ ഇടക്ക് മറന്നു, ചിലർക്കൊക്കെ കരച്ചിൽ വന്നു. എങ്കിലും പോരാട്ട വീര്യത്തോടെ പ്രകടനം പൂർത്തിയാക്കിയാണ് കുരുന്നുകൾ വേദി വിട്ടത്. കണ്ടു നിന്ന രക്ഷിതാക്കൾക്കും കുട്ടികളുടെ ടീച്ചർമാർക്കും ഇതിൽ പരം സന്തോഷമില്ലെന്ന് പറയാം. ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച അംഗൻവാടി കലോത്സവമാണ് കുരുന്നുകളുടെ തകർപ്പൻ കലാ പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായത്. തട്ടുപൊളിപ്പൻ പാട്ടുകൾക്കൊപ്പം കുരുന്നുകൾ മനോഹരമായ രീതിയിൽ ചുവട് വെച്ചത് കാഴ്ചക്കാർക്കും കൗതുകമായി. പാട്ട്, നൃത്തം, പ്രച്ഛന്നവേഷം, പുഞ്ചിരി മത്സരം തുടങ്ങിയവയും മികവേറ്റി. ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ 15 അംഗൻവാടികളിലെ 130 കുട്ടികളാണ് അഞ്ചിനങ്ങളിലായി മത്സരിച്ചത്. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ 76 ാം നമ്പർ അംഗൻവാടിക്ക് വേണ്ടി വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ നൗഷാദും ടീച്ചർ സോയ എബ്രഹാമും ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സമ്മാനം നടയം അംഗൻവാടിക്കുള്ള ട്രോഫി വാർഡംഗം ബിന്ദു ശ്രീകാന്തും ടീച്ചർ ആശയും ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീജ നൗഷാദ്, മോളി ബിജു , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ സുഭാഷ് കുമാർ, അസീസ് ഇല്ലിക്കൽ, സുജാത ശിവൻ, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, സൂസി റോയ് താഹിറ അമീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അബ്ബാസ് വടക്കേൽ എന്നിവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനവും, മധുര പലഹാരങ്ങളും നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബേബി കാവാലം സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.