നഗരത്തിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷം
text_fieldsതൊടുപുഴ: സാമൂഹിക വിരുദ്ധർ നഗരത്തിൽ പിടിമുറുക്കിയതോടെ പ്രധാന കേന്ദ്രങ്ങളിൽ പോലും നഗരവാസികൾക്ക് സ്വൈരമായി നടക്കാനാവാത്ത അവസ്ഥ. സന്ധ്യ മയങ്ങിയാൽ ടൗൺ പല ഭാഗവും സാമൂഹികവിരുദ്ധരുടെ താവളമാണ്. കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഏറ്റുമുട്ടലുകളും പതിവാണ്.
ലഹരിക്ക് അടിമകളായ ആളുകൾ സ്ഥിരമായി ഇത്തരത്തിൽ നഗരവാസികളുടെയും വ്യാപാരികളുടെയും ഉറക്കം കെടുത്തി വിഹരിക്കുകയാണ്. രാത്രിയായാൽ കടത്തിണ്ണകൾ, ബസ് സ്റ്റാൻഡ്, ബസ് കാത്തിരിപ്പു കേന്ദ്രം എന്നിവിടങ്ങളിലാണ് ഇവരുടെ വിഹാരം. ഇവരുടെ ശല്യം മൂലം പലപ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് നഗരത്തിൽ സഞ്ചരിക്കാനാവാത്ത സ്ഥിതിയും ഉണ്ടാകാറുണ്ട്.
സംഘങ്ങൾ തമ്മിൽ ലഹരി ഉപയോഗശേഷം ചേരി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടലുകളും പതിവാണ്. പരാതി ശക്തമാകുമ്പോൾ പൊലീസ് എത്തി അക്രമികളെ കസ്റ്റഡിയിൽ എടുക്കുമെങ്കിലും ഏതാനും സമയത്തിനുള്ളിൽ സ്റ്റേഷൻ ജാമ്യത്തിൽ ഇവർ പുറത്തിറങ്ങും. നഗരത്തിലെ വിവിധ ബൈപാസുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ ഇടപാടുകളും ശക്തമാണ്. പൊലീസും എക്സൈസും വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്താത്തത് ഇവർക്ക് സഹായകരമാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ കൊണ്ടുന്നെത്തിക്കുന്നത്.
ബസ് സ്റ്റാന്‍ഡോ അതോ അധോലോകമോ?
തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സംഘർഷമൊഴിയാത്ത ദിവസങ്ങളില്ല എന്ന നിലയിലേക്കണ് കാര്യങ്ങളുടെ പോക്ക്. ഒരു സംഘം ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന സംഘര്‍ഷത്തിനും അസഭ്യം വിളിയും ഒരു ശമനവുമില്ല. ബസ് സമയക്രമത്തിന്റെ പേരിലും മറ്റും പ്രധാന റൂട്ടുകളില്‍ ഉണ്ടാകുന്ന ചെറിയ വാക്കുതര്‍ക്കത്തിന്റെയും സമാപനം ബസ് സ്റ്റാന്‍ഡില്‍ അടിപിടിയോടെയാണ് അവസാനിപ്പിക്കുന്നത്. സിനിമ സ്റ്റൈലിലാണ് പ്രകടനം.
പലപ്പോഴും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭയന്ന് വിറച്ചാണ് സ്റ്റാൻഡിൽ നിൽക്കുന്നത്.ബസുകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തുന്ന ഉടന്‍ ഇത്തരം ബസുകളിലെ ജീവനക്കാര്‍ പരസ്പരം അസഭ്യ വര്‍ഷവും പോര്‍വിളിയും ഉന്തും തള്ളും ഉണ്ടാക്കുന്നത് പതിവാകുന്നതായാണ് പരാതി. നേരത്തെ ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരും ഉടമകളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇടവെട്ടി സ്വദേശിയായ ഡ്രൈവര്‍ മരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് കുറച്ചു നാള് സ്റ്റാന്‍ഡില്‍ സംഘര്‍ഷം കുറവായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.
എന്നാല്‍ ഇതിനുശേഷം വീണ്ടും ബസ് ജീവനക്കാരുടെ വഴക്കും അസഭ്യവര്‍ഷവും വര്‍ധിച്ചതായാണ് പരാതി. സംഘര്‍ഷം കൂടുതലായി ഉണ്ടാകുന്നത് മൂലമറ്റം, മൂവാറ്റുപുഴ റൂട്ടുകളിലെ ബസ് ജീവനക്കാര്‍ തമ്മിലാണ്. രണ്ടാഴ്ച മുന്‍പ് മൂലമറ്റം റൂട്ടിലെ രണ്ട് ബസുകളിലെ ജീവനക്കാര്‍ സ്റ്റാന്‍ഡില്‍ ഏറ്റുമുട്ടി.
ഒരു ജീവനക്കാരന് മറ്റൊരു ജീവനക്കാരന്റെ കൈ കടിച്ചു മുറിച്ച സംഭവം ഉണ്ടായി. ചില രാഷ്ട്രീയ സംഘടനകളുടെ പിന്‍ബലത്തിലാണ് ജീവനക്കാര്‍ അതിക്രമം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. സ്റ്റാന്‍ഡില്‍ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മുന്നിലാണ് ജീവനക്കാരുടെ പോര്‍വിളിയും വഴക്കും അസഭ്യവര്‍ഷവും നടക്കുന്നത്. സംഘര്‍ഷം ഉണ്ടാകുന്ന അവസരത്തില്‍ വിളിച്ചറിയിച്ചാലും പൊലീസ് എത്താറില്ലെന്നും പരാതിയുണ്ട്.
നൂറുകണക്കിനു ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് കര്‍ശന ഇടപെടല്‍ നടത്തണമെന്നാണ് യാത്രക്കാരുടെയും ഒരു വിഭാഗം ബസ് ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം. ബസ് ജീവനക്കാരായി എത്തുന്ന ചിലര്‍ മദ്യപിച്ചശേഷം ജോലി ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്. നേരത്തെ രാവിലെ തന്നെ പൊലീസ് സ്വകാര്യ ബസുകളിലെയും കെ.എസ്.ആർ.ടി.സി ബസുകളിലെയും ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ ഇതും വഴിപാടാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.