നിയമന വിവാദം: യൂത്ത് ലീഗ് ജില്ല കമ്മിറ്റിയിൽ കൂട്ടരാജി
text_fieldsതൊടുപുഴ: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ സ്വജനപക്ഷപാതവും ഗുരുതര ആരോപണങ്ങളും ഉന്നയിച്ച് യൂത്ത്ലീഗ് ജില്ല കമ്മിറ്റി രംഗത്ത്. ജനറൽ സെക്രട്ടറി ഉൾപ്പെടെ ആറ് ഭാരവാഹികൾ ജില്ല കമ്മിറ്റിയിൽനിന്ന് രാജിവെച്ചു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീമിനെതിരെയാണ് യൂത്ത്ലീഗിലെ പടയൊരുക്കം. യൂത്ത്ലീഗ് ജില്ല ജനറൽ സെക്രട്ടറി നിസാർ പഴേരി, വൈസ് പ്രസിഡന്റുമാരായ അജാസ് പുത്തൻപുര, ഡോ. കെ.എം. അൻവർ, ഒ.ഇ. ലത്തീഫ്, സെക്രട്ടറിമാരായ സൽമാൻ ഹനീഫ്, മുഹമ്മദ് ഷെരീഫ് എന്നിവരാണ് ഭാരവാഹിത്വം ഒഴിഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് കത്ത് നൽകിയത്. തൊടുപുഴ കാർഷിക വികസന ബാങ്കിൽ ലീഗിന് അവകാശപ്പെട്ട പ്യൂൺ തസ്തികയിൽ സലിം ഇടപെട്ട് തന്റെ മകളുടെ ഭർത്താവിന് സ്ഥിര നിയമനം നൽകിയെന്നാണ് പരാതി. ബാങ്കിലെ ജോലി യൂത്ത്ലീഗ് ജില്ല ജനറൽ സെക്രട്ടറി നിസാർ പഴേരിയുടെ ഭാര്യക്ക് നൽകണമെന്ന് മുസ്ലിംലീഗ് ജില്ല കമ്മിറ്റി ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നത്രെ. എന്നാൽ, ഈ തീരുമാനത്തെ ബാങ്ക് ഡയറക്ടർമാരും മുസ്ലിംലീഗ് പ്രതിനിധികളുമായ കെ.എം. സലിം, പി.എൻ. സീതി, സഫിയ ജബ്ബാർ എന്നിവരുമായി ചേർന്ന് ടി.എം. സലിം അട്ടിമറിച്ചെന്നാണ് രാജിവെച്ചവർ ആരോപിക്കുന്നത്.
ടി.എം സലിം പാർട്ടി വഴി അടുത്ത ബന്ധുക്കൾക്ക് മലപ്പുറം ജില്ല സഹകരണ ബാങ്കിലും എസ്.എസ്.എയിലും മുണ്ടക്കയത്തെ എയ്ഡഡ് കോളജിലും ജോലി നേടിയെടുത്തതായും മുൻകാലങ്ങളിൽ ലീഗ് മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിൽ ബന്ധുക്കളെ ഉൾപ്പെടുത്തിയതായും രാജിക്കത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറിയുടെ നെറികേടുകൾ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നും ലീഗ് പ്രവർത്തകരായി തുടരാനാണ് തീരുമാനമെന്നും രാജിവെച്ചവർ വ്യക്തമാക്കി.
നിയമനത്തിൽ ഇടപെട്ടിട്ടില്ല -ടി.എം. സലിം
തൊടുപുഴ: കാർഷിക വികസന ബാങ്കിലെ നിയമനത്തിൽ താൻ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം. നിലവിലെ വിവാദങ്ങളിൽ താൻ കക്ഷിയല്ല. എല്ലാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ച് ബാങ്ക് ഭരണസമിതിയാണ് നിയമനം നടത്തിയത്. ഇക്കാര്യത്തിൽ ഭരണസമിതിയിലെ ആരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. സ്ഥാനങ്ങൾ രാജിവെച്ചവർ അതിന് മുമ്പ് നിയമനം സംബന്ധിച്ച് തന്നോടോ പാർട്ടിയുടെ ഔദ്യോഗിക വേദികളിലോ പരാതി ഉന്നയിച്ചിട്ടില്ലെന്നും ടി.എം. സലിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.