ലഹരിയെ കെട്ടുകെട്ടിക്കാൻ എക്സൈസ്; സ്കൂളുകളിൽ ‘ബാല്യം അമൂല്യം’ പദ്ധതി
text_fieldsതൊടുപുഴ: സ്കൂൾ പരിസരങ്ങളിൽനിന്ന് ലഹരിയെ കെട്ടുകെട്ടിക്കാൻ എക്സൈസ് അധികൃതർ രംഗത്ത്. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നിരവധി പദ്ധതികളാണ് എക്സൈസ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിമുക്തി ചുമതലയുള്ള ഉദ്യോഗസ്ഥർ എല്ലാ സ്കൂളുകളും സന്ദർശിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുകയെന്നതാണ് ആദ്യ പ്രവർത്തനം.
സ്കൂൾ പ്രവേശന ദിവസം എല്ലാ എക്സൈസ് ഉദ്യോഗസ്ഥരും ചുമതലയുള്ള സ്കൂളുകളിൽ സന്ദർശനം നടത്തി പ്രവേശനോത്സവത്തിന്റെ ഭാഗമാകും. ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ, അവർക്കാവശ്യമായ പ്രാഥമികതല കൗൺസലിംഗ് നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. കൂടാതെ, ചികിത്സ ആവശ്യമുണ്ടെങ്കിൽ നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളടങ്ങിയ ലീഫ് ലെറ്റുകൾ സ്കൂളുകളിൽ അന്നേദിവസം വിതരണം ചെയ്യും. കായികമാണ് ലഹരി, ജീവിതമാണ് ലഹരി, വായനയാണ് ലഹരി എന്നീ ആശയങ്ങൾ മുൻനിർത്തി സംവാദസദസ്സുകളും പ്രവർത്തനങ്ങളും എല്ലാ സ്കൂളുകളിലും പ്രവേശനോത്സവത്തിന് അനുബന്ധമായി ആ ആഴ്ചയിൽ തന്നെ നടത്തും.
തെരഞ്ഞെടുത്ത 10 സ്കൂളുകളിൽ കായിക ലഹരി പ്രോത്സാഹിപ്പിക്കും
ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്കൂളുകളിൽ കായിക ലഹരി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യായാമകായിക ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ‘ബാല്യം അമൂല്യം’ എന്ന പദ്ധതിയുടെ പരിചയപ്പെടുത്തലും, ഉപകരണങ്ങളുടെ സ്കൂൾതല ഔപചാരിക വിതരണവും അന്നേദിവസം നടത്തും.
സ്കൂളിലെ പ്രധാന അദ്ധ്യാപകനെ നേരിട്ട് കണ്ട് സ്കൂൾ വിദ്യാർത്ഥികൾ പുകയില, മയക്കുമരുന്ന്, മദ്യം എന്നിവ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാലോ അത്തരം വിദ്യാർത്ഥികളെപ്പറ്റി വിവരം ലഭിച്ചാലോ അറിയിക്കുന്നിതിനുള്ള ഏർപ്പാട് ചെയ്യും. ഏതെങ്കിലും വിദ്യാർത്ഥിയെ സംബന്ധിച്ച് വിവരം ലഭിച്ചാൽ മാതാപിതാക്കളുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ നടപടി സ്വീകരിക്കും.
സ്കൂളുകളുടെ സമീപപ്രദേശങ്ങളിൽ പരിശോധന
സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ, വിൽപ്പന നടത്തുന്നില്ലായെന്ന് ഉറപ്പുവരുത്തും. ഇതുകൂടാതെ, സ്കൂൾ പരിസരത്തെ ഇടവഴികൾ, പ്രവർത്തനം ഇല്ലാതെ അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങൾ, മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ മറഞ്ഞിരിക്കാൻ പറ്റുന്ന ഇടങ്ങൾ, കുറ്റിക്കാടുകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നിവ അതത് എക്സൈസ് റെയ്ഞ്ചിൻ്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. സ്കൂൾ തുറക്കുന്നതു മുതൽ ഇടവഴികൾ ഉൾപ്പെടെയുള്ള സ്കൂൾ പരിസരങ്ങളിൽ അതത് എക്സൈസ് റെയ്ഞ്ചിന്റെ കീഴിൽ ബൈക്ക് പട്രോളിംഗ് നടത്തും. കൂടാതെ, മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്നും സ്കൂൾ ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതിനുളള ദിവസങ്ങളിൽ സ്വീകരിക്കും. ലഹരി ഉപയോഗം തടയുന്നതിനുളള നേർവഴി പ്രകാരം ബന്ധപ്പെടേണ്ട നമ്പറായ 9656178000, ലഹരി പദാർത്ഥങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള നമ്പറുകൾ 9447178000, 906178000 എന്നീ നമ്പറുകൾ പ്രവേശനോത്സവ ദിനങ്ങളിലും തുടർന്നുള്ള ദിവസങ്ങളിലും വിദ്യാർത്ഥികളെയും അധ്യാപകരെയും അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.