ഓണം അരികെ; നേന്ത്രക്കായ് വില കുതിച്ചുയരുന്നു
text_fieldsതൊടുപുഴ: ഓണത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിപണിയിൽ നേന്ത്രക്കായ വില ഉയരുന്നു. നാടൻ നേന്ത്രക്കുലകൾ കുറവെങ്കിലും ഓണം സീസൺ മുന്നിൽ കണ്ട് ഇതര ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും മറ്റും വൻ തോതിൽ ഏത്തക്കുലകൾ എത്തുന്നുണ്ട്. പ്രകൃതിക്ഷോഭത്തിൽ വാഴകൾ വ്യാപകമായി നശിച്ചതിനാൽ പ്രതീക്ഷയർപ്പിക്കുന്ന ഓണം സീസണിൽ പോലും പ്രാദേശിക കർഷകർക്ക് ഇതിന്റെ പ്രയോജനം കിട്ടില്ലെന്നത് മറ്റൊരു കാര്യം. ഇക്കാരണത്താൽ വിപണിയിൽ നേന്ത്രക്കുലകളുടെ വരവും കുറവാണ്. തൊടുപുഴ മാർക്കറ്റിൽ കിലോക്ക് 58 മുതൽ 65 രൂപ വരെയാണ് നിലവിലെ മൊത്തവില.
ചില്ലറ വിൽപന വില 70-85 രൂപ വരെയും. ഒരുമാസത്തിനിടെ മാത്രം നേന്ത്രക്കായയുടെ മൊത്തവില കിലോക്ക് 15 -20 രൂപയാണ് കൂടിയത്. വി.എഫ്.പി.സി.കെയുടെ വിപണികളിൽ ഇന്നലെ മാർക്കറ്റിൽ വിൽപ്പനക്കെത്തിച്ച നേന്ത്രക്കായക്ക് 50 മുതൽ 58 വരെയാണ് കർഷകർക്ക് ലഭിച്ചത്. ഇവിടെനിന്ന് കച്ചവടക്കാർ ഉൽപന്നം ലേലത്തിൽ പിടിക്കുകയാണ് പതിവ്. വയനാട്ടിൽ നിന്നുള്ള നേന്ത്രക്കായയുടെ സീസണ് കഴിഞ്ഞതോടെ മാർക്കറ്റിലേക്ക് ഇപ്പോൾ പ്രധാനമായും നേന്ത്രക്കായ എത്തുന്നത് തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുനിന്നാണ്. മൈസൂരുവിൽനിന്ന് നേന്ത്രക്കായ എത്തുന്നുണ്ടെങ്കിലും വില കൂടുതലായതിനാൽ മൊത്തവ്യാപാരികൾ ഇത് കൂടുതലായി വാങ്ങുന്നില്ല. എന്നാൽ, ഓണമെത്തുന്നതോടെ ഇതും കൂടുതലായി വിപണിയിലെത്തും. ഇതോടെ നേന്ത്രക്കായ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നു കച്ചവടക്കാർ പറയുന്നു.
വിലകൂടിയതോടെ പ്രാദേശികമായി നേന്ത്രവാഴ കൃഷി ചെയ്യുന്ന മഴ ചതിക്കാത്ത കർഷകർ പ്രതീക്ഷയിലാണ്. കർഷക മാർക്കറ്റുകളിൽ കൂടുതലായി നേന്ത്രക്കുലകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വി.എഫ്.പി.സി.കെയുടെ ഇരട്ടയാർ മാർക്കറ്റിൽ ശനിയാഴ്ച 1438 കിലോയും ഉടുമ്പന്നൂർ മാർക്കറ്റിൽ 1990 കിലോ നേന്ത്രക്കായയും വിൽപന നടന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓണത്തോടനുബന്ധിച്ച് നേന്ത്രക്കായക്ക് മെച്ചപ്പെട്ട വില ലഭിക്കാനാണ് സാധ്യത. ഓണക്കാല വിളവെടുപ്പ് ഇപ്പോൾ തന്നെ പല മേഖലകളിലും സജീവമാണ്. ഓണച്ചന്തകളും മറ്റും ആരംഭിക്കുന്നതോടെ നേന്ത്രക്കായക്ക് ആവശ്യക്കാരേറും.
ഓണത്തിന് ഉപ്പേരി നിർമാണത്തിനാണ് നേന്ത്രക്കായ കൂടുതലായി ഉപയോഗിക്കുന്നത്. അടിമാലി നേന്ത്രനോടാണ് ഉപ്പേരി നിർമാതാക്കൾക്ക് പ്രിയം കൂടുതൽ. ഇതിൽ ഉപ്പേരി നിർമിച്ചാൽ ഗുണത്തിലും തൂക്കത്തിലും മേൻമയുണ്ടാകുമെന്ന് ഇവർ പറയുന്നു. എന്നാൽ, ഇത്തവണ അടിമാലി നേന്ത്രന്റെ വരവ് കുറഞ്ഞിട്ടുണ്ട്. മൈസൂർ നേന്ത്രനും മേട്ടുപ്പാളയം കായയുമാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്. നേന്ത്രക്കായ വില കൂടിയതോടെ ഉപ്പേരിക്കും വില ഉയരുകയാണ്.
മറ്റ് വാഴപ്പഴങ്ങളുടെ വിലയും കുതിപ്പിലാണ്. പഴങ്ങളുടെ തരം അനുസരിച്ച് കിലോക്ക് അഞ്ച് രൂപയോളം ഉയർന്നിട്ടുണ്ട്. വിലയിൽ മുന്നിൽ ഞാലിപ്പൂവൻ തന്നെയാണ്. കിലോക്ക് 80-85 രൂപ വരെ. പാളയംതോടൻ 40-45 രൂപ, പൂവൻ 55-60 രൂപ, റോബസ്റ്റ 40-45 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഓണം കഴിയുന്നതോടെ വാഴപ്പഴങ്ങൾക്ക് വില കുറഞ്ഞുതുടങ്ങുമെന്ന് വ്യാപാരികൾ പറയുന്നു.
ആശ്വാസം, പച്ചക്കറി വില താഴേക്ക്
ഇടവേളക്കു ശേഷം സംസ്ഥാനത്ത് പച്ചക്കറിവില താഴേക്കാണ്. ഓണക്കാലത്ത് ഇനി വില ഉയർന്നില്ലെങ്കിൽ വലിയ ആശ്വാസമാകും പച്ചക്കറി വിലക്കുറവ്. മിക്ക പച്ചക്കറികൾക്കും 20-45 ശതമാനത്തോളമാണ് വില കുറഞ്ഞത്. ഓണം അടുക്കുന്നതിനിടെ പച്ചക്കറിവില കുറയുന്നത് സാധാരണ സംഭവിക്കാത്തതാണ്. അയൽസംസ്ഥാനങ്ങളിൽ ഉൽപാദനം കൂടിയതാണ് വിലയിടിവിന് കാരണം. ഇതോടെവിപണിയിലേക്ക് കൂടുതൽ പച്ചക്കറികൾ എത്തിത്തുടങ്ങി.
കഴിഞ്ഞമാസം കിലോക്ക് 120 രൂപ വരെ എത്തിയ പച്ചമുളകിന് 60 രൂപയാണ് ചില്ലറവില. ഏതാനും ആഴ്ചകൾകൊണ്ട് വില പകുതിയായി. കിലോക്ക് 80 രൂപ വരെ എത്തിയിരുന്ന തക്കാളിക്ക് 40 രൂപയാണ് ഇപ്പോഴത്തെ വില. 100 രൂപ കടന്ന ബീൻസ് 50 രൂപയിലാണ് വ്യാപാരം. പയറിന് 18 രൂപ കുറഞ്ഞ് 40 രൂപയിലെത്തി. മുരിങ്ങാക്കായ കിലോക്ക് 45 രൂപയാണ് പുതിയ നിരക്ക്.
ഇഞ്ചി, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവക്ക് വലിയ വില വ്യത്യാസമില്ല. അതിനിടെ, സവാള, കാരറ്റ് വില ഉയർന്നിട്ടുണ്ട്. കാരറ്റിന് 30 രൂപ വർധിച്ച് 100 രൂപ വരെയായി. സവാള വില 50 രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.