നിയന്ത്രണമില്ലാതെ നിരോധിത പുകയില ഉപയോഗം
text_fieldsതൊടുപുഴ: നിയമങ്ങളും പരിശോധനകളും വ്യാപകമാകുമ്പോഴും പുകയില നിയന്ത്രണ നിയമലംഘനം (കോട്പ) വർധിക്കുന്നതായി കണക്കുകൾ. പുതിയ തലമുറയിലും വിദ്യാർഥികളിലുമടക്കം നിരോധിത പുകയില ഉൽപന്നങ്ങളുടെ ഉപയോഗം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ജനുവരി മുതൽ മേയ് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കോട്പ പ്രകാരം ജില്ലയിൽ 2103 കേസുകളാണ് എടുത്തിരിക്കുന്നത്.
2012ൽ ജില്ലയിൽ 4641 കേസുകളാണ് എടുത്തിരുന്നതെങ്കിൽ 2022 ആയപ്പോഴേക്കും അഞ്ചുമാസത്തിനിടെ മാത്രം രണ്ടായിരത്തിന് മുകളിൽ കേസുകളായി. എക്സൈസിന്റെ കണക്കുകൾ മാത്രമാണ് ഇത്. പൊലീസ് എടുത്ത കേസുകൾ വേറെയുണ്ട്. പുകവലിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾ 20 വർഷം മുമ്പ് 28 ശതമാനമായിരുന്നെങ്കിൽ ഇത് 42 ശതമാമായി മാറിയിട്ടുണ്ടെന്നാണ് പഠനം. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള പുകയില ഉൽപന്നങ്ങളുടെ വിൽപനയും വർധിക്കുകയാണ്.
നിരോധിത പുകയില ഉൽപന്നങ്ങളടക്കമുള്ളവ രഹസ്യമായി വിറ്റഴിക്കുന്ന കടകൾ പല മേഖലയിലുമുണ്ട്. ഇവർ പരിചയക്കാർക്ക് മാത്രമേ സാധനങ്ങൾ വിൽക്കൂ. പൊലീസ് പരിശോധനക്കെത്തുമ്പോൾ ഇവ കടയിലുണ്ടാവില്ല. രഹസ്യ കേന്ദ്രങ്ങളിലാണ് ഇവ സൂക്ഷിക്കുന്നത്.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തുമ്പോൾ മാത്രമാണ് ഇവ പിടികൂടാൻ കഴിയാറുള്ളത്. വിദ്യാർഥികളും യുവാക്കളും പ്രായമായവരുമൊക്കെ ആവശ്യക്കാരാണ്. ഇത്തരം വിൽപന കേന്ദ്രങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളും എത്തുന്നുണ്ട്. ഇവർ താമസിക്കുന്ന ഇടങ്ങളിലെത്തിയും കച്ചവടം നടത്തുന്നവരുണ്ട്.
സ്കൂൾ പരിസരങ്ങളിൽ പരിശോധനയുമായി എക്സൈസും പൊലീസും
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസും പൊലീസും. സ്കൂൾ പരിസരങ്ങളിൽ പുകയില- ലഹരി ഉൽപന്നങ്ങളുടെ വിൽപനയടക്കം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.ഞായറാഴ്ചയാണ് എക്സൈിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്.
ചൊവ്വാഴ്ചയോടെ പരിശോധന പൂർത്തിയാക്കും. സ്കൂൾ പരിസരത്തുള്ള എല്ലാ കടകളും പരിശോധിച്ച് പുകയിലയും പുകയില ഉൽപന്നങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. എല്ലാ സ്കൂളുകളുടെയും അരക്കിലോമീറ്റർ ചുറ്റളവിലുള്ള പെട്ടിക്കടകളടക്കം പരിശോധിക്കുന്നുണ്ട്.
ഇത് കൂടാതെ സ്കൂള്‍ സംരക്ഷണസമിതികള്‍ യോഗം ചേര്‍ന്ന് പുകയില നിരോധിത മേഖല നിര്‍ണയിക്കാനും പുകയില നിയന്ത്രണ പ്രവര്‍ത്തന രൂപരേഖ തയാറാക്കാനും കലക്ടറും വിദ്യാഭ്യാസ ഉപഡയറക്ടറും സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ വിദ്യാലയങ്ങളെ പുകയില രഹിതമാക്കാന്‍ വിദ്യാഭ്യാസം, ആരോഗ്യം, പഞ്ചായത്ത്, പൊലീസ്, എക്സൈസ് വകുപ്പുകള്‍ ഏകോപിപ്പിച്ച് വേറിട്ട പരിപാടികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ പുകയില ഉൽപന്നങ്ങള് നിരോധിച്ചിട്ടുണ്ടെന്നും വിപണനം ശ്രദ്ധതയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.