വൈദ്യുതിയാണ്... സൂക്ഷിക്കണം: ഒന്നരവർഷത്തിനിടെ ജില്ലയിൽ ഷോക്കേറ്റ് 22 മരണം
text_fieldsതൊടുപുഴ: ഒന്നരവർഷത്തിനിടെ ജില്ലയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത് 22പേർ. ഓരോ വർഷത്തെയും അപകടങ്ങൾ പരിശോധിച്ചാൽ ജില്ലയിൽ ഷോക്കേറ്റുള്ള മരണങ്ങൾ കൂടിവരുന്നതായാണ് കണക്കുകൾ പറയുന്നത്. ഒരാഴ്ചക്കിടെ മാത്രം മൂന്നുപേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഷോക്കേറ്റ് മരിച്ചത്. 2021-22 സാമ്പത്തികവർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 11പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2022 ഏപ്രിൽ ഒന്നുമുതൽ നവംബർ നാലുവരെ 11 മരണമാണ് ഉണ്ടായത്. ആറുപേർക്ക് പരിക്കേറ്റു. 2020 -21ൽ പത്തുപേർ മരിക്കുകയും 17പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019-20ലും 2018-19ലും ആറുപേർ വീതവും 2017-18ൽ 14പേരും ഷോക്കേറ്റ് മരിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാർ മുതൽ സാധാരണക്കാർ വരെ മരിച്ചവരിലുണ്ട്.
ജോലിക്കിടെയുള്ള വൈദ്യുതാഘാതവും ലോഹത്തോട്ടികൾ ഉപയോഗിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റുമാണ് ജില്ലയിൽ കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തത്. രണ്ട് കെ.എസ്.ഇ.ബി ജീവനക്കാരാണ് ജില്ലയിൽ ജോലിക്കിടെ ഈ കാലയളവിൽ മരിച്ചത്. ഇടുക്കി ജില്ലയിൽ ഇരുമ്പ് തോട്ടികളുപയോഗിച്ച് കൊക്കോ, ചക്ക, കുരുമുളക് മുതലായവ പറിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച, ഓഫ് ചെയ്താലും ലൈനിലേക്ക് അപ്രതീക്ഷിതമായി വരുന്ന വൈദ്യുതി, സങ്കീർണമായ വിതരണ ശൃംഖല തുടങ്ങിയ പല കാരണങ്ങളും ജോലിക്കിടെയുള്ള വൈദ്യുതാഘാതങ്ങൾക്ക് പിന്നിലുണ്ട്. വീട്ടിലെ റിപ്പയറിങ് ജോലിക്കിടെയും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഷോക്കേറ്റുള്ള മരണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ലോഹത്തോട്ടികൾ ഉപയോഗിച്ച് വൈദ്യുതി ലൈനുകൾക്ക് സമീപം ഒരു ജോലികളും ചെയ്യരുതെന്ന മുന്നറിയിപ്പും വൈദ്യുതിയുടെ കാര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നു.
മഴയുള്ള സമയങ്ങളിൽ ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീഴാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങളടക്കം ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കരുത്. മഴക്കാലത്ത് വെളിച്ചമില്ലാതെ രാത്രിയിലും അതിരാവിലെയും യാത്രചെയ്യരുത്. വൈദ്യുതി കമ്പികള്‍ പൊട്ടിവീണതായി ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സമീപം മരങ്ങളില്‍നിന്ന് കായ്ഫലങ്ങള്‍ പറിക്കുമ്പോള്‍ ഇരുമ്പ്, അലൂമിനിയം തുടങ്ങിയവകൊണ്ടുള്ള ലോഹത്തോട്ടികള്‍ ഒരു കാരണവശാലും വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഉയര്‍ത്തരുത്. സര്‍വിസ് വയര്‍ കേബിളുകളില്‍ സ്പര്‍ശിക്കരുത്. നനഞ്ഞ കൈകള്‍കൊണ്ട് സ്വിച്ച് ഇടുകയോ ഓഫാക്കുകയോ ചെയ്യരുത്. എര്‍ത്ത് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പികളിലോ, എര്‍ത്ത് പൈപ്പിലോ സ്പര്‍ശിക്കരുത്.
ഇലക്ട്രിക് വയറുകളുടെ ഇന്സ്റ്റലേഷന് ശരിയായ വിധത്തിലാണെന്ന് ഉറപ്പുവരുത്തണം. ശക്തമായ ഇടിമിന്നലിനും മഴക്കും മുമ്പ് ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീന് തുടങ്ങി പ്ലഗുകളുമായി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ വേര്‍പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.