ബയോ മൈനിങ് പദ്ധതിക്ക് തൊടുപുഴ നഗരസഭയിൽ തുടക്കം
text_fieldsതൊടുപുഴ: നഗരസഭയിൽ പാറക്കടവ് ഡംപിങ് യാർഡിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്നതിനു സ്വച് ഭാരത് മിഷന് നഗരം -രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന ബയോമൈനിങ് പദ്ധതിക്ക് തുടക്കം. പ്രവൃത്തിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയര്മാന് സനീഷ് ജോർജ് നിര്‍വ്വഹിച്ചു.
നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഡംപ് സൈറ്റ് ബയോമൈനിങ് നടത്തി ഭൂമി വീണ്ടെടുക്കാനുള്ള നടപടിക്കാണ് തുടക്കമായത്. കോഴിക്കോട് ആസ്ഥാനമായ എം.സി.കെ കുട്ടി എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റെഡാണ് കരാര്‍ ഏജന്‍സി. ആറ് മാസം കൊണ്ട് 1.24 ഏക്കറിലെ 26683 മീറ്റര്‍ ക്യബിക് മാലിന്യമാണ് നീക്കം ചെയ്യുക. ഇതിനായി 2.83 കോടിയാണ് പദ്ധതി തുകയായി വകയിരുത്തിയിരിക്കുന്നത്.
40 വർമായി മുനിസിപ്പാലിറ്റിയിൽനിന്നുള്ള മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമാണ് പാറക്കടവ്. അവിടെ മാലിന്യം കുന്നുകൂടി മാലിന്യമലയായി കിടക്കുകയാണ്. അത് ശാസ്ത്രീയമായി നീക്കം ചെയ്യുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി വേർതിരിച്ചെടുത്ത് സംസ്കരിക്കുന്ന പ്രക്രിയയാണ് ബയോമൈനിങ്.
നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. ജെസ്സി ആന്റണി, വിദ്യാഭ്യാസ കലാ- കായികകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ജി രാജശേഖരന്, വാര്‍ഡ് കൗണ്‍സിലര്‍മരായ കവിത അജി, ജിതേഷ്, ജോസ് മഠത്തില്‍, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പ്രദീപ് രാജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.