കണ്ണടച്ച് വഴിവിളക്കുകൾ; ആളിക്കത്തി പ്രതിഷേധം
text_fieldsതൊടുപുഴ: നഗരത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കാനും കുണ്ടും കുഴിയുമായ മുനിസിപ്പൽ റോഡുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭയിൽ പ്രതിഷേധം. നഗരസഭ ഓഫിസിന് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ഉപവാസമനുഷ്ഠിച്ചപ്പോൾ ബി.ജെ.പി കൗൺസിലർമാർ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ ഉപരോധിച്ച് പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയായിരുന്നു യു.ഡി.എഫിെൻറ ഉപവാസം.
ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. നഗരസഭ എല്ലാ മേഖലകളിൽനിന്നും വൻതോതിൽ നികുതി പിരിച്ചിട്ടും അടിസ്ഥാന ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുന്ന ദയനീയ സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാന റോഡുകളിലെ വഴിവിളക്കുകൾ കത്താതെ നഗരമാകെ ഇരുട്ടിലാണ്. ഉൾപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മുനിസിപ്പൽ റോഡുകളിലൂടെ ഓട്ടോറിക്ഷകൾപോലും ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപവാസ സമരം തുടക്കം മാത്രമാണെന്നും അതിശക്തമായ തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്നും കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ. ദീപക്, എം.എ. കരീം എന്നിവർ പറഞ്ഞു. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും വഴിവിളക്കുകൾ അടിയന്തരമായി നന്നാക്കാൻ കാര്യങ്ങൾ ചെയ്യാമെന്നും റോഡിലെ കുഴികൾ നികത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാമെന്നും ചെയർമാൻ ഉറപ്പുനൽകിയതായും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഉപവാസ സമരം അഡ്വ. ജോസി ജേക്കബ് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു.
ബി.ജെ.പി കൗൺസിലർമാരായ ടി.എസ്. രാജൻ, പി.ജി. രാജശേഖരൻ, ജിതേഷ് സി. ഇഞ്ചക്കാട്ട്, ബിന്ദു പത്മകുമാർ, ജിഷ ബിനു, ജയലക്ഷ്മി ഗോപൻ, ശ്രീലക്ഷ്മി സുദീപ് തുടങ്ങിയവരാണ് നഗരസഭ ചെയർമാനെ ഉപരോധിക്കാൻ നേതൃത്വം നൽകിയത്.
സമാധാനപരമായി നടത്തിയ സമരം പൊലീസ് ഇടപെട്ട് വഷളാക്കിയതായും സി.പി.എം വനിത കൗൺസിലർമാരും വൈസ് ചെയർപേഴ്സനും ചേർന്ന് സംഘർഷ സാധ്യത സൃഷ്ടിച്ചതായും ബി.ജെ.പി കൗൺസിലർമാർ കുറ്റപ്പെടുത്തി. തുടർന്ന് തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.