മാരിയിൽ കടവ് പാലം അപ്രോച് റോഡ്; കാത്തിരിപ്പ് തുടരുന്നു
text_fieldsതൊടുപുഴ: മാരിയില്‍ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാൻ സമര്‍പ്പിച്ച ഫയലില്‍ വീണ്ടും ചോദ്യം ഉന്നയിച്ച് ചീഫ് എന്‍ജിനീയര്‍ക്ക് തിരിച്ചയച്ചു.
ധനവകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് പുതിയ ചോദ്യവുമായി ഫയല്‍ തിരിച്ചയച്ചത്. പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ 2.70 കോടിയാണ് വേണ്ടിയിരുന്നത്. കാഞ്ഞിരമറ്റം ഭാഗത്ത് 90 ലക്ഷം രൂപയും ഒളമറ്റം ഭാഗത്ത് 1.80 കോടിയും ചെലവും വരുന്ന എസ്റ്റിമേറ്റാണ് തയാറാക്കിയത്.
ഇതില്‍ ഒളമറ്റം ഭാഗത്തെ നിര്‍മാണത്തിന് ആവശ്യമായ 1.80 കോടി പി.ജെ. ജോസഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിക്കുകയും നിര്‍മാണം നടന്നു വരികയുമാണ്. കാഞ്ഞിരമറ്റം ഭാഗത്തേക്ക് ആവശ്യമുള്ള 90 ലക്ഷം രൂപ പാലം നിര്‍മാണത്തിന് അനുവദിച്ച ഫണ്ടില്‍ മിച്ചമുണ്ട്. ഈ തുകക്കുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാനാണ് സര്‍ക്കാരിലേക്ക് ഫയല്‍ അയച്ചത്.
ഈ ഫയല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ മടക്കിയിരുന്നു. ഈ ഭാഗത്തെ നിർമാണം കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകു.
റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് ഉണ്ടായിട്ടും പുതുക്കിയ എസ്റ്റിമേറ്റിന് മുടന്തന്‍ ന്യായവാദങ്ങള്‍ പറഞ്ഞ് അനുമതി നല്‍കാത്തത് തൊടുപുഴയോടുള്ള കനത്ത അവഗണനയാണെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ അഡ്വ. ജോസഫ് ജോണ്‍ ആരോപിച്ചു.
എസ്റ്റിമേറ്റിന് അനുമതി ലഭിക്കാന്‍ ഒന്നര വര്‍ഷമായി കാത്തിരിപ്പു തുടരുകയാണ്. ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ വരെ നേരിട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലം സന്ദര്‍ശിക്കുകയും നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തെങ്കിലും ഇതുവരെയും എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടില്ല. ഈ നില തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് അഡ്വ. ജോസഫ് ജോണ്‍ മുന്നറിയിപ്പു നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.