ചപ്പാത്തിന് പകരം പാലം; വനം വകുപ്പ് അനുമതികാത്ത് നാട്ടുകാർ
text_fieldsതൊടുപുഴ: തൊമ്മൻകുത്ത് ചപ്പാത്തിന് പകരം പാലം പണിയുന്നതിന് അനുമതി നൽകാതെ വനംവകുപ്പ്. റോഡ് പണി തീർക്കേണ്ട കാലാവധി കഴിയാറായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള അനുമതി നൽകിയിട്ടില്ല. ഇപ്പോഴത്തെ ചപ്പാത്തിൽക്കൂടി ബുദ്ധിമുട്ടിയാണ് വലിയ വാഹനങ്ങൾ കടന്നുപോകുന്നത്.
നെയ്യശ്ശേരി തോക്കുമ്പൻ സാഡിൽ റോഡിന്റെ ഭാഗമായുള്ളതാണ് ചപ്പാത്ത്. എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകണമെങ്കിൽ ചപ്പാത്തിൽ പ്രവേശിച്ച വാഹനം കടന്നുപോകുന്നതു വരെ മറുകരയിൽ കാത്തുകിടക്കണം. ചപ്പാത്തിന് പകരം പാലം പണിയണമെന്നുള്ളത് പതിറ്റാണ്ടുകളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്.
കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ രണ്ടു മാസം മുൻപ് പാലത്തിന് വേണ്ടിയുള്ള റിപ്പോർട്ട് തയാറാക്കിയെന്ന് അധികൃതർ പറയുന്നു. ഒക്ടോബർ മാസം വരെയാണ് ഈ റോഡിന്റെ കാലാവധിയുള്ളത്. റോഡ് പണി പൂർത്തിയാക്കാൻ സമയം നീട്ടിത്തരണമെന്ന് കാണിച്ച് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു.
കോതമംഗലം ഡി.എഫ്.ഒ ഓഫിസിൽ പാലം പണി അനുമതിക്കായി എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നാണ് വനംവകുപ്പ് ജീവനക്കാർ പറയുന്നത്. 1980നു മുമ്പ് തന്നെ ഇത് പൊതുമരാമത്ത് റോഡാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മോട്ടർ വാഹന വകുപ്പിൽനിന്നോ പൊതുമരാമത്ത് ഓഫിസിൽനിന്നോ ലഭിച്ചിട്ടില്ലെന്നാണ് റേഞ്ച് ഓഫിസർ പറയുന്നത്. അതേ സമയം റോഡുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇടുക്കി ആർ.ടി ഓഫിസിലേക്ക് നൽകിയിട്ടുണ്ടെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.