ലക്ഷ്യങ്ങൾ ചവിട്ടിക്കയറി ബഡ്സ് സ്കൂൾ വിദ്യാർഥികൾ
text_fieldsബഡ്സ് സ്കൂൾ വിദ്യാർഥികൾ നിർമിച്ച കടലാസ് പേനകൾ
തൊടുപുഴ: രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൈപിടിച്ച് മാനസിക, ശാരീരിക ഉല്ലാസത്തിന്റെ സർഗതലങ്ങൾ കയറുകയാണ് ജില്ലയിലെ ബഡ്സ് സ്കൂൾ വിദ്യാർഥികൾ. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുനരധിവാസത്തിനുള്ള കുടുംബശ്രീ ബഡ്സ് സ്കൂളുകളിലെ ഉപജീവന പദ്ധതികളിലൂടെയാണ് മുന്നേറ്റം. ജില്ലയിൽ പ്രധാനമായും തുടങ്ങിയത് ചവിട്ടി നിർമാണ യൂനിറ്റാണ്. ചവിട്ടി നിർമാണത്തിന് വാത്തിക്കുടി ഒഴികെ മറ്റ് രണ്ട് സ്കൂളുകളിലേക്കും മൂന്നുവീതം യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും കുടുംബശ്രീ നൽകി. കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഞ്ച് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം നൽകി. ഇപ്പോൾ ചവിട്ടി വിപണനത്തിലൂടെ ചെറിയ വരുമാനം നേടാനാകുന്നതിന്റെ ആഹ്ലാദത്തിലാണിവർ.
മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയാണ് ലക്ഷ്യം. പ്രിയദർശിനി ബഡ്സ് സ്കൂൾ കുമിളി, ധന്യശ്രീ ബഡ്സ് സ്കൂൾ ഉടുമ്പൻചോല, കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്ത വാത്തിക്കുടി സ്കൂൾ എന്നിങ്ങനെ ജില്ലയിൽ മൂന്ന് ബഡ്സ് സ്കൂളുകളുണ്ട്.
കുമളിയിൽ 46 പേരും ഉടുമ്പൻചോലയിൽ 45 പേരും പഠിക്കുന്നു. വാത്തിക്കുടി സ്കൂളിലേക്ക് 26 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും പുനരധിവാസവും ലഭ്യമാക്കാനാണ് പ്രത്യേക ഉപജീവന പദ്ധതികൾ.
ഭിന്നശേഷി കുട്ടികളുടെ ചലനശേഷി വർധിപ്പിക്കാൻ ചവിട്ടി നിർമാണത്തിലൂടെ സാധിക്കും. കൈകളും കാലുകളും അനായാസമായി ചലിപ്പിക്കാൻ പ്രാപ്തരാക്കുമെന്ന് അധികൃതർ പറഞ്ഞു. മാസം ശരാശരി 5000 രൂപയിലേറെ വരുമാനമുണ്ട്.
കുടുംബശ്രീ മേളകൾ, ഫെസ്റ്റിവൽ ഫെയറുകൾ തുടങ്ങിയവയാണ് വിപണന സാധ്യതകൾ. സ്കൂൾ സന്ദർശിക്കാനെത്തുന്നവർക്കും മറ്റ് പരിചയക്കാർക്കും വിൽപനയുണ്ട്.
ചവിട്ടിക്ക് പുറമെ സോപ്പ്, ഫിനോയിൽ, കടലാസ് പേനകൾ, മെഴുകുതിരി എന്നിവയും ചെറിയതോതിൽ നിർമാണമുണ്ടെന്ന് അവർ പറഞ്ഞു.
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ് ബഡ്സ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.