ഉപതെരഞ്ഞെടുപ്പ്; തൊടുപുഴ നഗരസഭയിൽ തീപാറും പോരാട്ടം
text_fieldsതൊടുപുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൊടുപുഴ നഗരസഭ ഒമ്പതാം വാര്‍ഡില്‍ (പെട്ടേനാട് വാര്‍ഡ്) വിവിധ മുന്നണികളുടെ പ്രചാരണം ഊര്‍ജ്ജിതം. ജയപരജയങ്ങൾ ഭരണമാറ്റത്തിന് വരെ കാരണമാവുമെന്നതായതിനാൽ മുഖ്യ രാഷ്ടീയ കക്ഷികൾ സൂഷ്മ കരുനീക്കത്തിലാണ്.
നിലവിലെ സാഹചര്യത്തില്‍ ഭരണം നിലനിര്‍ത്തണമെങ്കിൽ എൽ.ഡി.എഫിന് ഈ സീറ്റിൽ വിജയിക്കണം. ഇവിടെ വിജയിക്കാനായാൽ യു.ഡി.എഫിന് ഭരണം തിരികെപ്പിടിക്കാനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ചൂടേറിയ പ്രചാരണത്തിന് വാർഡ് സാക്ഷ്യം വഹിക്കുന്നത്. കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ഭവന സന്ദര്‍ശനത്തിന് ഊന്നല്‍ കൊടുത്താണ് മുന്നണികളുടെ പ്രചാരണം മുന്നേറുന്നത്.
യു.ഡി.എഫ് സ്വതന്ത്രനായി ജോർജ് ജോണ്‍ കൊച്ചുപറമ്പില്‍, എൽ.ഡി.എഫ് സ്വതന്ത്രനായി ബാബു ജോർജ്, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാജേഷ് പൂവാശേരില്‍, ആം ആദ്മി പാര്‍ട്ടിയുടെ റൂബി വര്‍ഗീസ് എന്നിവരാണ് മത്സര രംഗത്തുള്ളത്. 2020ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ജെസ്സി ജോണി എല്‍.ഡി.എഫ് പിന്തുണയോടെ വൈസ് ചെയര്‍പേഴ്സനായിരുന്നു. കൂറുമാറ്റ നിയമപ്രകാരം ജെസ്സി ജോണിയെ ഹൈകോടതി അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കൂറുമാറ്റ രാഷ്ട്രീയം, തൊടുപുഴ നഗരസഭയിലെ അഴിമതി വിവാദങ്ങള്‍, വികസന മുരടിപ്പ്, തകര്‍ന്നു കിടക്കുന്ന റോഡുകള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണ രംഗത്ത് മുന്നണികള്‍ ആയുധമാക്കുന്നത്.പെട്ടേനാട് വാര്‍ഡ് രൂപം കൊണ്ട 2010ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു ജയം. അന്ന് വിജയിച്ച ബാബു ജോർജാണ് ഇത്തവണയും എൽ.ഡി.എഫിനായി അങ്കത്തട്ടിൽ. മറ്റു മൂന്നു സ്ഥാനാര്‍ഥികളും മത്സര രംഗത്ത് പുതുമുഖങ്ങളാണ്.
2015ല്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി എത്തിയ ജെസ്സി ജോണി എൽ.ഡി.എഫിൽ നിന്ന് വാര്‍ഡ് തിരിച്ചുപിടിച്ചു. 91 വോട്ടായിരുന്നു വിജയം. 2020ല്‍ ജെസ്സി ജോണി ഭൂരിപക്ഷം 392 ആയി ഉയര്‍ത്തി. ജെസി ജോണി യു.ഡി.എഫ് -592, സി.ടി. ഫ്രാന്‍സിസ് എല്‍.ഡി.എഫ്-158, കെ.എ മോഹന്‍കുമാര്‍ ബി.ജെ.പി -210 എന്നിങ്ങനെയായിരുന്നു വോട്ട് നില. ഇത്തവണ മൂന്നു മുന്നണികള്‍ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയും പ്രചാരണ രംഗത്ത് സജീവമാണ്. കഴിഞ്ഞ തവണത്തെ വര്‍ധിച്ച ഭൂപിപക്ഷം യു.ഡി.എഫിന് ആത്മ വിശ്വാസം പകരുമ്പോള്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ ബാബു ജോർജിലൂടെ വാർഡ് തിരിച്ചു പിടിക്കാമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി നിലമെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. ജെസി ജോണിയെയും സ്വതന്ത്രനായി വിജയിച്ച സനീഷ് ജോർജിനെയും അടത്തിയെടുത്താണ് യു.ഡി.എഫ് ഭൂരിപക്ഷം അട്ടിമറിച്ച് തൊടുപുഴ നഗരസഭ ഭരണം എൽ.ഡി.എഫ് പിടിച്ചത്. എൽ.ഡി.എഫ് ഭരണത്തിന് ചുക്കാൻപിടിക്കുന്ന ചെയർമാൻ സനീഷ് ജോർജ് കഴിഞ്ഞ ദിവസം കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ പശ്ചാത്തലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേസിൽ പെട്ട ചെയർമാനുള്ള പിന്തുണ പിൻവലിച്ചതോടെ എൽ.ഡി.എഫ് -13, യു.ഡി.എഫ്-12, ബി.ജെ.പി -8 എന്നിങ്ങനെയാണ് നിലവിൽ നഗരസഭയിലെ കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.