നഗരം നിരീക്ഷിച്ചിരുന്ന കാമറകൾ പ്രവർത്തനരഹിതം
text_fieldsതൊടുപുഴ: നഗരം നിരീക്ഷിച്ചിരുന്ന കാമറകളിൽ പ്രവർത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ജനസുരക്ഷക്കടക്കം മുൻതൂക്കം നൽകി തൊടുപുഴ നഗരത്തിൽ സ്ഥാപിച്ചിരുന്ന 28 കാമറകളിൽ പത്തിൽ താഴെ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. നഗരത്തിലെ എല്ലാ തരത്തിലുമുള്ള ചലനങ്ങളും തൊടുപുഴ സ്റ്റേഷനില്‍ ഇരുന്ന് തന്നെ അറിയാനുള്ള സംവിധാനം പണിമുടക്കിയത് പൊലീസിനെ വലക്കുന്നുണ്ട്. നഗരത്തില്‍ യാചകശല്യവും പകലും രാത്രിയിലുമുണ്ടാകുന്ന മോഷണവും റോഡ് അപകടങ്ങളും കൂടിയപ്പോഴാണ് വിവിധ സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്.
കാമറയുടെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നപ്പോള് റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത സംവിധാനം സുഗമമായി നടത്തുന്നതിനും മറ്റ് അതിക്രമങ്ങള്‍ കുറക്കുന്നതിനും സാധിച്ചിരുന്നു. പൊലീസ് സേനക്ക് ഏറെ ഉപകാരപ്രദവുമായിരുന്നു കാമറകൾ.
സമീപ കാലത്ത് വീണ്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ ശല്യമടക്കം വർധിച്ചിരിക്കുകയാണ്. തൊടുപുഴ ബസ് സ്റ്റാൻഡ് പരിസരം, ടൗൺഹാൾ പരിസരം തുടങ്ങിയവ കേന്ദ്രീകരിച്ചും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ രാത്രിയെത്തിയയാളുടെ ഫോൺ തട്ടിയെടുക്കുകയും യുവാവിനെ മർദിച്ച് അവശനാക്കുകയും ചെയ്തിരുന്നു. കാമറകൾ പ്രവർത്തന രഹിതമായത് പൊലീസിന്റെ അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. നിരവധി കേസുകളിലെ പ്രതികളെ പൊലീസ് കാമറകളുടെ സഹായത്തോടെ കൈയോടെ പിടികൂടിയിരുന്നു. ലഹരി മാഫിയയടക്കം നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
നേരത്തേ കാമറകൾ സജീവമായിരുന്നപ്പോൾ ഇവരുടെ വിളയാട്ടം കുറഞ്ഞിരുന്നു. നഗരത്തിൽ രാത്രി തമ്പടിക്കുന്നവരിൽ മോഷ്ടാക്കളടക്കം ഇടം പിടിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെയടക്കം കണ്ടെത്താനും കാമറ സഹായിച്ചിരുന്നു. തൊടുപുഴയാറിന്റെ കരകളിൽ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനും കാമറ സഹായകരമായിരുന്നു. പ്രവര്‍ത്തിക്കുന്നവയില്‍ ചിലതെല്ലാം ഭാഗികവുമാണ്. അതേസമയം, മുനിസിപ്പാലിറ്റി നേതൃത്വത്തിൽ കാമറകൾ പ്രവർത്തന സജ്ജമാക്കുന്ന നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.