ജില്ലയിൽ വരും, കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ
text_fieldsതൊടുപുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധീനതയിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കാൻ ലക്ഷ്യമിട്ട് ജില്ലയിൽ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കാനൊരുങ്ങുന്നു.
വ്യവസായ ആവശ്യങ്ങൾക്ക് ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കാനും വിദ്യാർഥികളിൽ സംരംഭകത്വ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും പാർക്കുകൾ സഹായകമാകും. കാമ്പസുകളുടെ അക്കാദമിക മികവും വിഭവശേഷിയും ഉപയോഗിച്ച് നിലവിൽ വരുന്ന പാർക്കുകൾ ജില്ലയുടെ വികസനത്തിന് വേഗത കൂട്ടുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ എട്ട് കോളജുകൾ ഇതിനകം പദ്ധതിയുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് അധികൃതർ പറഞ്ഞു.
മലിനീകരണം കുറഞ്ഞ വ്യവസായങ്ങൾ വേണം ആരംഭിക്കാൻ. മുട്ടം യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്, അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പെരുമ്പിള്ളിച്ചിറ, തൊടുപുഴ ന്യൂമാൻ കോളജ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളജ്, കുട്ടിക്കാനം മരിയൻ കോളജ്, ഡി.സി കോളേജ് പുള്ളിക്കാനം, നെടുങ്കണ്ടം പോളി ടെക്നിക് കോളജ്, ക്രൈസ്റ്റ് കോളജ് പുളിയന്മല എന്നീ സ്ഥാപനങ്ങളാണിവ. അഞ്ചേക്കറെങ്കിലും അധിക ഭൂമിയുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമാകാകാൻ കഴിയുക.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി വാങ്ങിയശേഷം ഓൺലൈനായി (www.cip.industry.kerala.gov.in) അപേക്ഷിക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് സ്ഥലം വ്യവസായത്തിന് യോജിച്ചതാണെങ്കിൽ അംഗീകരിക്കും. സ്ഥാപനം തന്നെയാണ് സ്ഥലം വികസിപ്പിക്കേണ്ടത്.
മറ്റ് കമ്പനികൾക്ക് നൽകുകയോ കോളജുകൾക്ക് സ്വന്തമായോ വ്യവസായം ആരംഭിക്കാം. വിദ്യാർഥികളുടെ ഗവേഷണങ്ങൾ ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള സംരംഭങ്ങളും തുടങ്ങാം. ചെലവഴിക്കുന്ന തുക അടിസ്ഥാന സൗകര്യവികസനം പൂർത്തിയാകുന്ന മുറക്ക് സർക്കാർ നൽകും (പരമാവധി 1.5 കോടി രൂപ). രണ്ടേക്കറുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയായി നിർമിക്കാം. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ യാഥാർഥ്യമാകുന്നതോടെ വ്യവസായത്തിനൊപ്പം ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വഭാവവും മാറും. വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം അവിടെയാരംഭിക്കുന്ന സ്ഥാപനത്തിൽ ജോലിയും ചെയ്യാം. സമയത്തിനനുസരിച്ച് പഠനത്തിലും ക്രെഡിറ്റ് ലഭിക്കും. വിദേശ രാജ്യങ്ങളിലെപ്പോലെ ഇവിടെയും പഠനത്തിനൊപ്പം താൽക്കാലിക ജോലി ഉറപ്പാക്കാനാകുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.