സി.എച്ച്.ആർ: തർക്കം മുറുകുന്നു; എൽ.ഡി.എഫ് പ്രതിക്കൂട്ടിൽ
text_fieldsതൊടുപുഴ: കാർഡമം ഹിൽ റിസർവ് (സി.എച്ച്.ആർ) വനംവകുപ്പിന്റേതോ റവന്യൂ നിയന്ത്രണത്തിലോ എന്ന തർക്കത്തിനിടെ ഏലം ഭൂമിയുടെ അളവിലെ അന്തരവും ജില്ലയിൽ രാഷ്ടീയ വിവാദം. വിവരാവകാശ നിയമപ്രകാരം കലക്ടറേറ്റിൽനിന്ന് ലഭിച്ച മറുപടിയിൽ 1897 ആഗസ്റ്റ് 24ന്റെ തിരുവതാംകൂർ സർക്കാർ ഗെസറ്റിലും 1987 മേയ് നാലിലെ കേരള സർക്കാർ ഗെസറ്റിലും സി.എച്ച്.ആറിലെ ഭൂമിയുടെ അളവ് 15,720 ഏക്കറെന്നാണുള്ളത്. എന്നാൽ, ഇടുക്കി എൽ.എ ഡെപ്യൂട്ടി കലക്ടർ 2017 ആഗസ്റ്റ് 26ന് ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റിൽ സി.എച്ച്.ആറിൽ രണ്ടുലക്ഷം ഏക്കറിന് മുകളിൽ ഭൂമി വരുമെന്നാണ് പറയുന്നത്. വനം മന്ത്രി നിയമസഭയിൽ വെച്ച കണക്കിൽ പറയുന്നതാകട്ടെ സി.എച്ച്.ആറിൽ 2,10,000 ഏക്കർ റിസർവ് വനമാണെന്നാണ്. പള്ളിവാസൽ വില്ലേജിലെ ഏലം കുത്തകപ്പാട്ട ഭൂമി തിരിച്ച് പിടിക്കാൻ 2022 മേയ് ഏഴിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ സി.എച്ച്.ആർ റിസർവ് വനമാണെന്നും പറഞ്ഞിരുന്നു. വിവാദമായപ്പോൾ റിസർവ് വനമെന്ന പരാമർശം ഒഴിവാക്കി.
സി.എച്ച്.ആറിൽ റവന്യൂ വകുപ്പിനായിരുന്നു ഭൂമിയുടെ നിയന്ത്രണം. മരങ്ങളുടെ സംരക്ഷണച്ചുമതല മാത്രമായിരുന്നു വനം വകുപ്പിന് ഉണ്ടായിരുന്നത്. ഇതിന് മാറ്റം വരുന്നത് ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ്. 2016-17ലെ വനം വകുപ്പിന്റെ വാർഷിക റിപ്പോർട്ടിൽ ഏലമലക്കാടുകൾ സംരക്ഷിത വനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏലം പട്ടയഭൂമിയിൽ നിർമാണങ്ങൾക്ക് അനുമതി നൽകാൻ പാടില്ലെന്ന ഉത്തരവിറക്കിയത് ഇതിന് പിന്നാലെയാണ്. സർക്കാറിന്റെ ഈ നടപടി ജില്ലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. സി.എച്ച്.ആറിന്റെ പരിധിയിലുള്ള വില്ലേജുകളിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് കൈവശ സർട്ടിഫിക്കറ്റ് കിട്ടാതെ വീട് പണിയാൻപോലും പറ്റാത്ത സ്ഥിതിയാണ്. കുത്തകപ്പാട്ടം പുതുക്കി നൽകുന്നില്ല. കുത്തകപ്പാട്ട ഭൂമിയിൽ വീടുവെച്ച് താമസിക്കുന്നവരെ കുടിയിറക്കാൻ നോട്ടീസ് നൽകിയിരിക്കുകയുമാണ്.
പിണറായി സർക്കാറിന്റെ നടപടികൾ ചൂണ്ടിക്കാട്ടി കോൺഗ്രസും യു.ഡി.എഫും എൽ.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കി രംഗത്താണ്. അതേസമയം, മുൻ യു.ഡി.എഫ് സർക്കാറുകളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സ്ഥിതി വരുത്തിയതെന്നാണ് സി.പി.എം തിരിച്ചടിക്കുന്നത്. എന്നാൽ, സി.പി.എമ്മിന്റെ ദുർബല വാദങ്ങൾ തള്ളുന്ന സമീപനമാണ് ജില്ലയിലെ കർഷക സംഘടനകൾക്കുമുള്ളത്.
സി.എച്ച്.ആർ വനമാക്കാനുള്ള നീക്കം അംഗീകരിക്കില്ല -ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: സി.എച്ച്.ആർ സംരക്ഷിത വനമാക്കാനുള്ള നീക്കം സർക്കാർ അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.എച്ച്.ആറിൽ റവന്യൂ വകുപ്പിനായിരുന്നു ഭൂമിയുടെ നിയന്ത്രണം. മരങ്ങളുടെ സംരക്ഷണച്ചുമതല മാത്രമായിരുന്നു വനം വകുപ്പിന് ഉണ്ടായിരുന്നത്. ഇതിന് മാറ്റം വരുത്തിയത് പിണറായി സർക്കാറാണ്. കുത്തകപ്പാട്ട ഭൂമിയിൽ വീടുവെച്ച് താമസിക്കുന്നവരെ കുടിയിറക്കാൻ നോട്ടീസ് നൽകിയിരിക്കുന്നു. സി.എച്ച്.ആറുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ സർക്കാറിന്റെ നിലപാട് കേസിനെ പ്രതികൂലമായി ബാധിക്കും. ‘ജില്ലയെ വനമാക്കി മാറ്റാൻ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നു. വിദേശ ഫണ്ട് വാങ്ങി ജില്ലയെ ഒറ്റുകൊടുക്കുന്നു. കർഷകരെ കുടിയിറക്കാൻ പോകുന്നു’ എന്നെല്ലാം പ്രചരിപ്പിച്ച സി.പി.എം നേതൃത്വം നൽകുന്ന സർക്കാറാണ് ഇപ്പോൾ കർഷകദ്രോഹ നടപടികൾ നടപ്പാക്കുന്നതെന്ന് എം.പി ചൂണ്ടിക്കാട്ടി. ജില്ലയിൽനിന്നുള്ള മന്ത്രിയും ഇടതുനേതാക്കളും വിഷയത്തിൽ കാണിക്കുന്ന മൗനം സംശയകരമാണ്. സി.എച്ച്.ആർ വിഷയത്തിൽ തെറ്റുതിരുത്തി നിലവിലുള്ള സ്റ്റാറ്റസ്കോ നിലനിർത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഏലം കുത്തകപ്പാട്ട ഭൂമിയിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നിർത്തിവെക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു. കുത്തകപ്പാട്ടം പുതുക്കി നൽകണം. സി.എച്ച്.ആറിൽ വീടുവെച്ച് താമസിക്കാനും തൊഴിലാളികൾക്ക് താമസിക്കാനുള്ള ലയവും ഏലം സ്റ്റോറും നിർമിക്കാനും അനുമതി നൽകണമെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.