വരൂ... ചീയപ്പാറ വിളിക്കുന്നു
text_fieldsതൊടുപുഴ: കനത്തുപെയ്യാൻ മടിച്ചുനിൽക്കുന്ന തുലാവർഷത്തിന്റെ കുളിരും എവിടെനോക്കിയാലും തിടംവെച്ചുനിൽക്കുന്ന പച്ചപ്പും കാണാൻ സഞ്ചാരികൾ ഇടുക്കിയിലേക്ക് വെച്ചുപിടിക്കുകയാണ്. ദീപാവലി അവധിക്ക് റെക്കോഡ് സഞ്ചാരികളാണ് മൂന്നാറിലും വട്ടവടയിലും കാന്തല്ലൂരിലുമൊക്കെ എത്തിയത്.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലെ ചീയപ്പാറ വെള്ളച്ചാട്ടമാണ്. റോഡരികിൽ ഏറ്റവും തൊട്ടടുത്തുനിന്ന് കാണാവുന്ന വെള്ളച്ചാട്ടം എന്ന പ്രത്യേകതയുണ്ട് ചീയപ്പാറ വെള്ളച്ചാട്ടത്തിന്.
സഞ്ചാരികളുമായി അടുത്തിടപഴകുന്ന കുരങ്ങുകൾ എവിടെയുമുണ്ട്. അവറ്റകളുടെ വികൃതികൾ കാമറയിൽ പകർത്താനും പരിസരത്തുള്ള ചെറുകിട കച്ചവടക്കാർക്കും സന്തോഷത്തിന്റെ ദിനങ്ങൾ. രണ്ടു കിലോമീറ്ററിനുള്ളിൽ വാളറ വെള്ളച്ചാട്ടമുണ്ടെങ്കിലും ഏറ്റവും അടുത്തുനിന്ന് കാണാവുന്ന വെള്ളച്ചാട്ടം ചീയപ്പാറ തന്നെ.
മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾ വാഹനങ്ങൾ നിർത്തി ഇവിടെ കുറച്ചുനേരം നിന്ന് മലമുകളിൽനിന്ന് പതഞ്ഞൊഴുകി വരുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ആസ്വദിച്ചാണ് യാത്ര തുടരുക. അതുകൊണ്ട് ഇവിടെ മിക്കപ്പോഴും പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിരയുമുണ്ടാകും. വേനലിൽ ഈ വെള്ളച്ചാട്ടങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.