കുട്ടികൾ അധ്യാപകരായി; അമ്മമാർ വിദ്യാർഥികളും
text_fieldsകലയന്താനി: കുട്ടികൾ അധ്യാപകരായി മുന്നിലെത്തിയപ്പോൾ അമ്മമാർ അവർക്ക് മുന്നിൽ അനുസരണയുള്ള വിദ്യാർഥികളായി.പറയുന്നതെല്ലാം സശ്രദ്ധം കേട്ടിരുന്നു. കലയന്താനി സെന്‍റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് അംഗങ്ങളാണ് അമ്മമാർക്കായി ബോധവത്കരണ ക്ലാസ് എടുത്തത്.
സൈബർ സുരക്ഷയെക്കുറിച്ചായിരുന്നു ക്ലാസ്. മൊബൈൽ ഫോൺ ദുരുപയോഗ സാധ്യതകൾ, ഇന്‍റർനെറ്റിലെ ചതിക്കുഴികൾ തുടങ്ങിയ വിവിധ വിഷയങ്ങളാണ് കുട്ടികൾ കൈകാര്യം ചെയ്തത്. കൗതുകത്തോടെയും ഭയാശങ്കകളോടെയുമാണ് അമ്മമാർ ക്ലാസുകൾ ശ്രവിച്ചത്. ഉദാഹരണങ്ങളും ദൃശ്യങ്ങളും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കി. സർക്കാറിന്‍റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷ പരിശീലനമാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നത്.
വിവിധ ബാച്ചുകളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിന്‍റെ ഉദ്ഘാടനം പ്രിൻസിപ്പൽ മോൻസ് മാത്യു നിർവഹിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിഷ്ണു ചന്ദ്രബോസ്, ദേവാനന്ദ് പി.എസ്, അസ്ന നാസർ, നഹല മുജീബ് എന്നിവരും കൈറ്റ് മിസ്ട്രസുമാരായ സലോമി ടി.ജെ, ബെർളി ജോസ് എന്നിവരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.