ചൊക്രമുടി കൈയേറ്റം; നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി
text_fieldsതൊടുപുഴ: ദേവികുളം ചൊക്രമുടിയിൽ ഭൂമി കൈയേറ്റവും അനധികൃത നിർമാണവും നടന്ന സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ഭൂമി തിരിച്ചുപിടിക്കാനും റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. വനംവകുപ്പിന്റെ വീഴ്ച സംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്ന മുറക്ക് വനംവകുപ്പ് ജീവനക്കാർക്കെതിരെയും നടപപടിയുണ്ടാകുമെന്നാണ് വിവരം.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അവ്യക്തത തുടരുന്നതിനാൽ റവന്യു വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും ഇത്. ദേവികുളം തഹസിൽദാർ, ചാർജ് ഓഫിസറായ ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജ് ഓഫിസർ, ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ എന്നിവരെ സർവിസിൽനിന്ന് മാറ്റിനിർത്തി അച്ചടക്ക നടപടിയെടുക്കണമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
ചൊക്രമുടിയിലെ ഭൂമി കൈയേറ്റം, അനധികൃത നിർമാണം എന്നിവയിൽ അന്വേഷണം നടത്താൻ റവന്യു വകുപ്പ് ചുമതലപ്പെടുത്തിയ ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തിലെ സംഘം രണ്ടിന് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കലക്ടർ റവന്യു വകുപ്പിന് റിപ്പോർട്ട് നൽകി. ഇവ പരിഗണിച്ച് പിന്നീട് ലാൻഡ് റവന്യു കമീഷണർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകി. തുടർന്നാണ് നടപടി.ബൈസൺവാലി വില്ലേജിൽ പെട്ട ചൊക്രമുടിയിലെ വിവാദ ഭൂമി അളന്നു റിപ്പോർട്ട് നൽകാൻ ജില്ല ഭരണകൂടം ഇടുക്കി സർവേ ഡപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇത് നടന്നുവരികയാണ്. അളവ് കഴിയുന്നതോടെ വനംവകുപ്പ് ഭൂമിയുടെ കാര്യത്തിലും തീർപ്പാകും. ഒരാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാകും.
അതിനിടെ ചൊക്രമുടിയിൽ ഭൂമി വാങ്ങിയ 44 പേർക്ക് അവരുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്നതിന് 14ന് ഹാജരാകാൻ ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടർ നോട്ടിസ് നൽകി. ഉത്തരമേഖല ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും റവന്യു വകുപ്പ് നിയോഗിച്ച ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും നടത്തിയ അന്വേഷണങ്ങളിൽ ഗുരുതര കണ്ടെത്തലുകളുണ്ട്. ചൊക്രമുടിയിൽ പുറമ്പോക്കിലുൾപ്പെട്ട ഭൂമിക്കും പട്ടയം ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. റവന്യു വകുപ്പിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ 354.5900 ഹെക്ടർ സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് സർവേയർ ഇവിടെയുള്ള പട്ടയ ഭൂമിയുടെ സ്കെച്ച് തയാറാക്കിയത്. റെഡ് സോണിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യാനും സാധ്യതയുണ്ട്.
അതിനിടെ ചൊക്രമുടിയിൽ റോഡ് നിർമിക്കാനും ഭൂമി പ്ലോട്ടുകളായി തിരിക്കാനും വ്യാപകമായി നീലക്കുറിഞ്ഞികൾ നശിപ്പിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ബൈസൺവാലി പഞ്ചായത്ത് ബി.എം.സിക്ക് കത്ത് നൽകിയതിന് പിന്നാലെ കോഓഡിനേറ്റർ വി.എസ്. അശ്വതി, ജൈവവൈവിധ്യ ബോർഡിലെ സാങ്കേതിക സഹായ സമിതി അംഗങ്ങൾ, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ജൈവവൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ എന്നിവരുടെ സഹായത്തോടെ സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. ചൊക്രമുടിയിൽ വൻതോതിൽ പരിസ്ഥിതി നാശം സംഭവിച്ചിട്ടുണ്ടെന്ന് സംഘം വിലയിരുത്തി. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് വനം വകുപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.