ചൊക്രമുടി കൈയേറ്റം: അന്വേഷണം അട്ടിമറിക്കാൻ സി.പി.ഐ; ഉന്നതരിലേക്കെത്തില്ല
text_fieldsതൊടുപുഴ: റവന്യൂ മന്ത്രിയുടെ ഓഫിസും സി.പി.ഐ ജില്ല നേതൃത്വവും പ്രതിക്കൂട്ടിലായ ചൊക്രമുടി ഭൂമി കൈയേറ്റത്തിൽ ലോക്കൽ ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്ത് തലയൂരാൻ ഉന്നതതല നീക്കം. ആസൂത്രിത കൈയേറ്റവും അനധികൃത നിർമാണങ്ങളുമാണ് ചൊക്രമുടിയിൽ നടന്നതെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദികളായ ഉന്നതർ പുകമറക്കുള്ളിൽ തന്നെയാണ്. റീസർവേ രേഖകളിൽ സർക്കാർ പാറ പുറമ്പോക്കെന്ന് വ്യക്തമായ ഭൂമി അന്യാധീനപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പേരിൽ സ്ഥാപിച്ചുനൽകിയതിനും ഇവിടെ കെട്ടിട നിർമാണത്തിന് നിരാക്ഷേപ പത്രം (എൻ.ഒ.സി) നൽകുകയും ചെയ്തത് ഗുരുതരമായ ചട്ട ലംഘനവും കൃത്യവിലോപവുമാണെന്ന ലാൻഡ് റവന്യു കമീഷണറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളം തഹസിൽദാർ, ചാർജ് ഓഫിസറായ ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജ് ഓഫിസർ, ബൈസൺവാലി വില്ലേജിന്റെ ചുമതല വഹിക്കുന്ന താലൂക്ക് സർവേയർ എന്നിവരെ സർവീസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്താൻ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥരെ മാത്രം ബലിയാടുകളാക്കി കൈയേറ്റത്തിന് ഒത്താശ ചെയ്ത് ഉന്നതരെ സംരക്ഷിക്കാനാണ് നീക്കമെന്ന് ചൊക്രമുടി സംരക്ഷണ സമിതിയും പ്രതിപക്ഷവും ആരോപിക്കുന്നു.
സി.പി.ഐ ജില്ല സെക്രട്ടറി ഇടപെട്ടാണ് കൈയേറ്റത്തിനും അനധികൃത നിർമാണത്തിനും സാധുത നൽകിയതെന്നതടക്കം പാർട്ടിയിൽ പോലും വിമർശനം ഉയരുകയും പാർട്ടി ജില്ല കൗൺസിൽ അംഗം നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തുവരികയും ചെയ്തിരുന്നു. ചൊക്രമുടിയിലെ ഭൂമി വിൽപനയിലൂടെ ലഭിക്കുന്ന ലാഭം വീതം വെക്കാമെന്ന ഉറപ്പിൽ സി.പി.ഐ ജില്ല നേതൃത്വം മന്ത്രിയുടെ ഓഫിസിലെ ചിലരുടെ സഹായത്തോടെ കൈയേറ്റക്കാരന് അനുകൂലമായ സാഹചര്യമൊരുക്കിയെന്നാണ് മുഖ്യ ആരോപണം. സി.പി.ഐ സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ പാർട്ടിയിൽ നിന്നുതന്നെ പരാതി പോയെങ്കിലും സംസ്ഥാന, ജില്ല നേതൃത്വങ്ങൾ ഇക്കാര്യത്തിൽ മൗനത്തിലാണ്. റവന്യൂ മന്ത്രിയുടെ ഓഫിസിലെ ചിലർ, ഒരു ഡപ്യൂട്ടി കലക്ടർ, ചില രാഷ്ട്രീയ നേതാക്കൾ എന്നിവരാണ് ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയ്തതെന്ന് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു. എന്നാൽ, ഇവരെക്കൂടി അന്വേഷണ പരിധിയിലുൾപ്പെടുത്തണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം വരണം. ഈ ആവശ്യം റവന്യു വകുപ്പ് നിരാകരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.