ചൊക്രമുടി; തഹസിൽദാർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷൻ
text_fieldsതൊടുപുഴ: ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തിനും അനധികൃത നിർമാണത്തിനും കൂട്ടുനിന്നെന്ന അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് മൂന്ന് ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു. ദേവികുളം മുൻ തഹസിൽദാർ (നിലവിൽ മല്ലപ്പള്ളി തഹസിൽദാർ) ഡി.അജയൻ, ഡപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫിസർ എം.എം.സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഉടുമ്പൻചോല താലൂക്ക് മുൻ സർവേയർ ആർ.ബി.വിപിൻരാജിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ചൊക്രമുടിയിലെ കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
ചൊക്രമുടിയിൽ വീടുനിർമാണത്തിനായി നിരാക്ഷേപപത്രം (എൻ.ഒ.സി) അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. അടിമാലി സ്വദേശിയുടെയും ഭാര്യയുടെയും അപേക്ഷയിൽ സ്ഥല പരിശോധന നടത്താതെ വില്ലേജ് ഓഫിസർ സിദ്ദിഖ് താലൂക്ക് ഓഫിസിൽ റിപ്പോർട്ട് നൽകി. ഡപ്യൂട്ടി തഹസിൽദാർ ബിജു മാത്യു സ്ഥലപരിശോധന കൂടാതെ എൻ.ഒ.സിക്ക് ശിപാർശ ചെയ്യുകയും തഹസിൽദാർ ഡി.അജയൻ പരിശോധനയില്ലാതെ തന്നെ ഇത് അംഗീകരിക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.