മുതിർന്ന നേതാവിനെ തരംതാഴ്ത്തി; സി.പി.ഐയിൽ ‘ചൊക്രമുടി’ പുകയുന്നു
text_fieldsതൊടുപുഴ: പാർട്ടി പ്രതിക്കൂട്ടിലായ ചൊക്രമുടി കൈയേറ്റത്തിൽ റവന്യൂ മന്ത്രിയെയും പാർട്ടി നേതൃത്വത്തെയും വിമർശിച്ചെന്ന പേരിൽ മുതിർന്ന നേതാവിനെ സി.പി.ഐ തരംതാഴ്ത്തി. മറ്റൊരു ജില്ല കൗൺസിൽ അംഗത്തെ പുറത്താക്കിയതിന് പിന്നാലെയാണ് മുൻ സംസ്ഥാന കൺട്രോൾ കമീഷൻ അംഗവും പാർട്ടി ജില്ല കൗൺസിൽ അംഗവുമായ മാത്യു വർഗീസിനെ തൊടുപുഴ മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. ജില്ല എക്സിക്യൂട്ടിവിന്റെ തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന ജില്ല കൗൺസിൽ അംഗീകരിച്ചു.
ചൊക്രമുടി കൈയേറ്റം സംബന്ധിച്ചു നടക്കുന്ന അന്വേഷണങ്ങളിൽ സംശയം പ്രകടിപ്പിച്ച് മാത്യു വർഗീസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു.
അന്വേഷണത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവും പോസ്റ്റിൽ പങ്കുവെച്ചിരുന്നു. പാർട്ടിയെയും പ്രതിക്കൂട്ടിലാക്കാൻ ബോധപൂർവം ചെയ്തതാണ് ഈ നടപടിയെന്നാണ് ജില്ല നേതൃത്വത്തിന്റെ കണ്ടെത്തൽ. മുമ്പും കൃഷി-റവന്യൂ വകുപ്പുകൾക്ക് എതിരെ മന്ത്രിമാരുടെ പ്രതിച്ഛായ മോശമാകുംവിധം മാത്യു വർഗീസ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നെന്നു പാർട്ടി നേതൃത്വത്തിന്റെ നടപടി റിപ്പോർട്ടിലുണ്ട്.
ചൊക്രമുടി കൈയേറ്റത്തിലും അനധികൃത നിർമാണത്തിലും പാർട്ടി ജില്ല സെക്രട്ടറിക്ക് പങ്കുണ്ടെന്ന ആരോപണം പരസ്യമായി ഉന്നയിക്കുകയും സംസ്ഥാന സെക്രട്ടറിക്കു പരാതി നൽകുകയും ചെയ്ത സി.പി.ഐ ജില്ല കമ്മിറ്റി അംഗത്തിന്റെ പിന്നിൽ മാത്യു വർഗീസാണെന്ന ജില്ല നേതൃത്വത്തിലെ ചിലരുടെ നിഗമനമാണ് തിടുക്കത്തിൽ നടപടിക്ക് ഇടയാക്കിയതെന്നാണ് സൂചന.
സംഭവത്തിൽ നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച ജില്ല കമ്മിറ്റി അംഗം ബിനു സ്കറിയയെ പുറത്താക്കിയതിന് പിന്നാലെയാണ് മാത്യു വർഗീസിനെതിരെ നടപടി.
പാർട്ടിയുടെ പ്രതിച്ഛായ മോശമാകുന്നത് തടയാൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നെന്നും കൈയേറ്റക്കാർക്ക് അനുകൂലമായി നേതൃത്വം ഇടപെട്ടെന്ന ആരോപണം ശരിയെങ്കിൽ മാത്രമാണ് ഈ ആവശ്യം തെറ്റാവുകയുള്ളൂ എന്നുമാണ് മാത്യു വർഗീസിന്റെ വാദം. ജില്ല നേതൃത്വത്തിന്റെ നടപടിക്കെതിരെ മാത്യു വർഗീസ് കൺട്രോൾ കമീഷന് അപ്പീൽ നൽകുമെന്നാണ് വിവരം.
റവന്യൂ മന്ത്രിക്ക് ചൊക്രമുടിയിലെ ആരോപണ വിധേയനായ ചെന്നൈ സ്വദേശിയായ മലയാളി വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതിവേഗ റീസർവേ റിപ്പോർട്ട് ലഭ്യമാക്കിയും എൻ.ഒ.സി നേടിയുമാണ് അവിടെ വൻതോതിൽ അനധികൃത നിർമാണം തുടങ്ങിയത്. മന്ത്രിയുടെ ഓഫിസിനെ സംശയനിഴലിലാക്കിയ ഇടപെടൽ പാർട്ടി ജില്ല സെക്രട്ടറിയുടെ ശിപാർശയിലെന്ന ആരോപണമാണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയത്. ചൊക്രമുടിയിൽ ഭൂമി ഇടപാടിൽ ലാഭവിഹിതം ജില്ല സെക്രട്ടറിക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് ജില്ല കൗൺസിൽ അംഗം ബിനു സ്കറിയ തന്നെ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. അതിനിടെയാണ് മാത്യു വർഗീസ് അന്വേഷണം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.