ചൊക്രമുടി ഭൂമി വിവാദം; 32 പേരുടെ ഭൂരേഖകൾ പരിശോധിക്കാൻ റവന്യൂ വകുപ്പ്
text_fieldsതൊടുപുഴ: ബൈസൺവാലി ചൊക്രമുടിയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ചൊക്രമുടിയിലും സമീപങ്ങളിലും ഭൂമിയും റിസോർട്ടുകളുമുള്ള 32 പേർക്കുകൂടി നോട്ടീസ് നൽകാൻ റവന്യൂ വകുപ്പ് തീരുമാനം.
ഇവരുടെ കൈവശമുള്ള ഭൂമിയുടെ രേഖകൾ പരിശോധിക്കും. ചൊക്രമുടിയിലെ വിവാദഭൂമി വാങ്ങിയവരും പട്ടയ ഉടമകളുമായ 49 പേർക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു. ഇതിൽ 41 പേർ കഴിഞ്ഞ 14ന് സബ് കലക്ടറുടെ ഓഫിസിൽ നടന്ന ആദ്യ ഹിയറിങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം നടത്തിയ രണ്ടാമത്തെ ഹിയറിങ്ങിൽ സ്ഥലമുടമകൾക്കുവേണ്ടി ഹൈകോടതി അഭിഭാഷകരടക്കം പങ്കെടുത്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പട്ടയ ഫയലും പരിശോധിച്ചതിൽ അപാകത ബോധ്യപ്പെട്ടതായി റവന്യൂ വകുപ്പ് സ്ഥലം ഉടമകളെ അറിയിച്ചിരുന്നു.
എന്നാൽ, പരിശോധനയിൽ കണ്ടെത്തിയ അപാകത രേഖാമൂലം പട്ടയ ഉടമകളെ അറിയിക്കണമെന്നും കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. തുടർന്നാണ് അടുത്ത ഹിയറിങ് ഈമാസം ആറിലേക്ക് മാറ്റിയത്. ഹിയറിങ്ങിൽ പങ്കെടുത്ത അഭിഭാഷകരും വസ്തു ഉടമകളും ചൊക്രമുടിയിൽ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിലെ മറ്റ് നിർമാണങ്ങളും നിയമവിധേയമാണോ എന്ന ചോദ്യമുന്നയിച്ചിരുന്നു. പട്ടയങ്ങളുടെയും തണ്ടപ്പേരുകളുടെയും നിയമസാധുത പരിശോധിക്കാനാണ് നോട്ടീസ് നൽകുന്നത്. 1975 മുതൽ ചൊക്രമുടിയിൽ നൽകിയ പട്ടയങ്ങൾ നിയമവിധേയമായല്ല നൽകിയതെന്ന് റവന്യൂ വകുപ്പിന് ഇതിനകം തന്നെ റിപ്പോർട്ട് ലഭിച്ചിട്ടുമുണ്ട്.
പുതുതായി 32 പേർക്കുകൂടി നോട്ടീസ് നൽകുന്ന സാഹചര്യത്തിൽ ചൊക്രമുടി മലനിരകൾ ആരംഭിക്കുന്ന ഒറ്റമരം മുതൽ ദേവികുളം ഗ്യാപ് റോഡുവരെയുള്ള എല്ലാ നിർമാണങ്ങളുടെയും സ്ഥലങ്ങളുടെയും രേഖകൾ പരിശോധിക്കേണ്ടിവരുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അടിമാലി സ്വദേശി സിബി ജോസഫ് ചൊക്രമുടി മലയിൽ അനധികൃതമായി റോഡ് വെട്ടുകയും അവിടെ നിന്ന മരങ്ങൾ വെട്ടിക്കടത്തുകയും തടയണ നിർമിക്കുകയും അനധികൃത പാറഖനനം നടത്തുകയും ചെയ്തതോടെയാണ് ചൊക്രമുടി കൈയേറ്റം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.