എടുത്തുവെച്ച ടിക്കറ്റിന് 75 ലക്ഷം; ഉടമക്ക് കൈമാറി സാജൻ
text_fieldsതൊടുപുഴ: ഒന്നാം സമ്മാനം എടുത്തുവെച്ച ടിക്കറ്റിനാണെന്ന് കാഞ്ഞിരമറ്റം വെട്ടിക്കാട് ലക്കി സെന്ററിന്‍റെ ഉടമ സാജന്‍ തോമസ് വിളിച്ചറിയിച്ചെങ്കിലും സന്ധ്യമോൾക്ക് വിശ്വാസം വന്നില്ല. ഓട്ടോ വിളിച്ച് കാഞ്ഞിരമറ്റത്തെ കടയില്‍ എത്തിയപ്പോൾ സമ്മാനാര്‍ഹമായ ടിക്കറ്റ് സാജന്‍ ഉയര്‍ത്തിക്കാണിച്ചപ്പോൾ സന്ധ്യ ഒരുനിമിഷം ഞെട്ടി.
ഒരു സെറ്റ് ടിക്കറ്റ് രാവിലെ എടുത്തുവെച്ചിട്ടുണ്ടെന്ന് പറയുകയും നമ്പര്‍ ചോദിക്കുകപോലും ചെയ്യാത്ത ആ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തതാണ് സന്ധ്യയെ ഞെട്ടിച്ചത്. എന്നാൽ, ഭാഗ്യം അതിന്റെ യഥാര്‍ഥ ഉടമക്കുതന്നെ കൈമാറിയ സാജന്‍ തോമസാണ് ഇവിടുത്തെ താരം. കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥിന്‍റെ ഭാര്യയും കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഹെല്‍ത്ത് നഴ്‌സുമാണ് കെ.ജി സന്ധ്യമോള്‍. മൂന്നു മാസം മുമ്പ് ചില്ലറയുടെ ആവശ്യത്തിന് ലോട്ടറി കടയിലെത്തിയപ്പോഴാണ് കാഞ്ഞിരമറ്റം സ്വദേശിയായ സാജനെ പരിചയപ്പെട്ടത്.
പതിവുപോലെ കഴിഞ്ഞ ദിവസവും ഒരു സെറ്റ് ടിക്കറ്റ് എടുത്ത് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. നമ്പർപോലും ചോദിച്ചുമില്ല. മാറ്റിവെച്ച ആ 12 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനമെന്നറിഞ്ഞ സാജൻ ഒരു നിമിഷംപോലും വൈകാതെ സന്ധ്യയെ വിളിച്ച് സന്തോഷം അറിയിക്കുകയായിരുന്നു. നഗരസഭ കൗണ്‍സിലര്‍ ജിതേഷിന്‍റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ ടിക്കറ്റ് അവര്‍ക്ക് കൈമാറി. മറ്റ് 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാലാ റോഡ് ശാഖയിൽ ടിക്കറ്റ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.