ഇടിഞ്ഞുവീഴാറായ ലയങ്ങളിൽ ദുരിതജീവിതം
text_fieldsതൊടുപുഴ: ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന തോട്ടം ലയങ്ങളിൽ പ്രാണഭയത്തോടെ ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ എസ്റ്റേറ്റ് ലയങ്ങളിൽ അപകട ഭീഷണിയിൽ കഴിയുന്നത്.
ഏതുനിമിഷവും നിലം പൊത്താറായ ലയങ്ങളാണ് ഭൂരിഭാഗവും. ഇത് പുതുക്കിപ്പണിയാനോ പുതിയവ പണിയാനോ മാനേജ്മെന്റുകളോ സർക്കാരോ നടപടി സ്വീകരിക്കുന്നില്ല. മഴ ശക്തമായാല്‍ പല വീടുകളും ചോരുന്നതും പതിവാണ്. കഴിഞ്ഞ ദിവസം പീരുമേട് ലേബർ ഓഫിസിൽ പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ വിവിധ യൂനിയൻ, തോട്ടം മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. എന്നാൽ ചില മാനേജ്മെന്റുകൾ ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളെ അയച്ചില്ല. കമ്പനി ഉടമകളുടെ യോഗം പ്രത്യേകം വിളിക്കാൻ പ്ലാന്റേഷൻ ഇൻസ്പെക്ടർ തീരുമാനിച്ചിരിക്കുകയാണ്.
ഉത്തരവാദിത്വം കാണിക്കാത്ത മാനേജ്മെന്റുകൾക്കെതിരെ വിവിധ യൂനിയൻ നേതാക്കളുടെ പ്രതിഷേധം ഉയർന്നിരുന്നു. പീരുമേട് താലൂക്കില്‍ പൂട്ടിയവ ഉള്‍പ്പെടെ ചെറുതും വലുതുമായി 56 തോട്ടങ്ങളാണുള്ളത്. ഇതില്‍ 1658 ലയങ്ങളുണ്ട് പതിനായിരത്തിലധികം തോട്ടം തൊഴിലാളികളാണ് ഇവിടെ തിങ്ങി പാര്‍ക്കുന്നത്. പകുതിയിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇപ്പോഴുള്ളത്.
ഇക്കാരണത്താലാണ് അധികൃതര്‍ തോട്ടം തൊഴിലാളികളുടെ ദുരിതം കാണാത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒന്നര മാസത്തിനിടെ നാല് ലയങ്ങളും ഒരു ശുചിമുറിയും തകർന്ന് വീണിരുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ വാളാർഡി എസ്റ്റേറ്റിൽ രണ്ടും പോബ്സ് ഗ്രൂപ്പിന്റെ മഞ്ചുമല തേങ്ങാക്കൽ എസ്റ്റേറ്റുകളിൽ ലയവും ശുചിമുറിയും ഇടിഞ്ഞ് വീണിരുന്നു. ഒരു വയസുകാരിക്ക് നിസാര പരിക്കും ശുചിമുറി തകർന്ന് വീണ് 54 കാരിക്ക് ഗുരുതര പരിക്കും സംഭവിച്ചു. ഇവിടെ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ ജീവിതം ഓരോ ദിവസം പിന്നിടുമ്പോഴും ദുരിതപൂര്‍ണമാകുകയാണ്. 2021ൽ കോഴിക്കാനം എസ്റ്റേറ്റിൽ ലയം തകർന്ന് സ്ത്രീ തൊഴിലാളി മരിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ തോട്ടങ്ങളും പതിറ്റാണ്ടുകൾ പഴക്കമുള്ള ലയങ്ങളും ഉള്ളത്. ഇതെല്ലാം നിലം പൊത്താറായതാണ്. ഇതോടെയാണ് ലയങ്ങൾ നവീകരിക്കണമെന്ന് ആവശ്യം ശക്തമായത്. കാലപ്പഴക്കമായ ലയങ്ങളിലെ വൈദ്യുതീകരണത്തിനായി ചെയ്ത വയറിങുകൾ പലതും നാമാവശേഷമായി.
കൂടാതെ കൃത്യമായ അറ്റക്കുറ്റപ്പണി ചെയ്യാത്തതിനാൽ പതിനായിരക്കണക്കിന് രൂപ തൊഴിലാളികൾക്ക് അമിത വൈദ്യുതി ബില്ലും വന്നിട്ടുണ്ട്. ലയങ്ങളോട് ചേർന്ന് ശുചിമുറിയില്ലാത്തതും തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
ഉള്ളതാകട്ടെ ഉപയോഗശൂന്യമാകാറായതും നിലംപൊത്താറായതുമാണ്. ശുചിത്വ മിഷനിൽ നിന്ന് ശുചിമുറികൾ നിർമിക്കുന്നതിന് അനുവദിച്ച സഹായങ്ങൾ പല തോട്ടം മാനേജ്മെന്റും ഉപയോഗിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.