നിഗമനങ്ങളും പ്രതീക്ഷയും പാളി; കാലിടറി എൽ.ഡി.എഫ്
text_fieldsതൊടുപുഴ: സ്ഥാനാർഥി നിർണയവും പ്രചാരണവുമൊക്കെ ഡീനിനെക്കാൾ ഒരു മുഴം മുമ്പേയായിട്ടും കനത്ത പരാജയമേറ്റു വാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് എൽ.ഡി.എഫ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പുതന്നെ ഓരോ നിയോജക മണ്ഡലത്തിലും ബൂത്ത് തലം മുതൽ സംഘടനാപരമായി മികച്ച പ്രവർത്തനമാണ് എൽ.ഡി.എഫ് കാഴ്ചവെച്ചത്. മികച്ച പ്രവർത്തനത്തിലൂടെ തൊടുപുഴ, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിൽ കുറയുന്ന വോട്ട് ഉടുമ്പൻചോലയടക്കമുള്ള തങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളിലൂടെ തിരികെ പിടിക്കാമെന്നായിരുന്നു ഇടത് കണക്കുകൂട്ടൽ. എന്നാൽ, ഫലം വന്നപ്പോൾ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് വൻ പരാജയമാണ് ഇടതുപക്ഷത്തിനേറ്റത്.
മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, ദേവികുളം ഏഴുനിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ലീഡാണ് ഡീനിന് ലഭിച്ചത്. മലയോരമേഖലയിലും തോട്ടം മേഖലകളിലുമെല്ലാം വ്യക്തമായ ലീഡ് ഡീൻ കുര്യാക്കോസിനു തന്നെയായിരുന്നു.
ഇടുക്കിയിൽ ശക്തമായ സ്വാധീനമുള്ള കേരള കോൺഗ്രസ് എം ഇടതുപക്ഷത്തേക്ക് വന്നതിനുശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പായതിനാൽ എൽ.ഡി.എഫിന് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിന് ലഭിച്ച മേൽക്കൈ അവരുടെ പിന്തുണകൊണ്ടാണെന്നായിരുന്നു വിലയിരുത്തൽ.
ഏഴ് നിയമസഭ മണ്ഡലങ്ങളിലുമായി കേരള കോൺഗ്രസിന് എം 25,000 വോട്ടുണ്ടെന്നായിരുന്നു ഇടത് കണക്കുകൂട്ടൽ. ഇത് ജോയ്സിന്റെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതി. മാത്രമല്ല ഉടുമ്പൻചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലെ തമിഴ്-തോട്ടം മേഖലകളിൽ സ്വാധീനമുള്ള ഡി.എം.കെയുടെ പിന്തുണയും എൽ.ഡി.എഫിനുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും വോട്ടായി മാറിയില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.