മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ സംഘർഷം പതിവാകുന്നു
text_fieldsതൊടുപുഴ: മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരുടെ തമ്മിലടിയും ഗുണ്ടായിസവും പതിവാകുന്നു. വെള്ളിയാഴ്ച വൈകീട്ട് സ്റ്റാന്‍ഡില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവർക്ക് പരിക്കേറ്റു.
തൊടുപുഴ-ചെപ്പുകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന പാലാഴി ബസിലെ ഡ്രൈവര്‍ റോബിനാണ് പരിക്കേറ്റത്. നഗരത്തിലെ മോര് ജങ്ഷനിലുണ്ടായ ഓവര്‍ടേക്കിങ്ങിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം. പാലാഴി ബസ് സ്റ്റാന്‍ഡിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തില്‍ കയറിയ തച്ചുപറമ്പന്‍ ബസ് ജീവനക്കാരായ സലാം, സുഭാഷ് എന്നിവര്‍ ടിക്കറ്റ് മെഷീന്‍കൊണ്ട് റോബിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മറ്റു ജീവനക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ മറ്റുള്ളവര്‍ പിന്‍വാങ്ങി. തുടര്‍ന്ന് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റ് ഉദ്യോഗസ്ഥന് അറിയിച്ചതനുസരിച്ച് പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
തലക്ക് പരിക്കേറ്റ റോബിന് ചികിത്സയിലാണ്. നൂറുകണക്കിനു യാത്രക്കാരുടെ മുന്നിലാണ് ആക്രമണം നടക്കുന്നത്.
ഇത് സ്റ്റാൻഡിലെത്തുന്നവരെ ഭീതിയിലാഴ്ത്തുന്നുണ്ട്. പതിവായി ഇവിടെ ബസ് ജീവനക്കാര്‍ തമ്മിലടിക്കുന്നതും അസഭ്യവര്‍ഷം നടത്തുന്നതും പതിവാണ്.
സ്കൂൾ കുട്ടികളടക്കം ബസിൽ കയറാനായി എത്തുന്ന സമയത്താണ് സ്റ്റാൻഡിലെ അക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.