കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഗുരുതര പരാമർശങ്ങൾ -എൽ.ഡി.എഫ്
text_fieldsതൊടുപുഴ: അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പുറത്തിറക്കിയ ന്യായ് പത്ര പ്രകടന പത്രികയിൽ ഗുരുതര പരാമർശങ്ങൾ അടങ്ങിയതായി എൽ.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഗാഡ്ഗിൽ സമിതിക്ക് സമാനമായ സമിതിക്ക് രൂപംനൽകി പശ്ചിമഘട്ട ജനതയെ കുടിയിറക്കാനുള്ള നീക്കമാണ് പ്രകടനപത്രികയിലുള്ളത്. ഗാഡ്ഗിൽ, ബഫർസോൺ, എച്ച്.ആർ.എം.എൽ ഉൾപ്പെടെയുള്ള നീക്കങ്ങൾ പരാജയപ്പെട്ടത് പ്രകടനപത്രികയിലൂടെ ഒളിച്ചുകടത്താനാണ് കോൺഗ്രസ് നേതൃത്വം ഗൂഢനീക്കം നത്തിയിട്ടുള്ളത്.
പ്രകടനപത്രിയുടെ പത്താം ഭാഗത്ത് പരിസ്ഥിതിയെക്കുറിച്ചുള്ള വിശദീകരണത്തിലാണ് പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
വനവിസ്തൃതി വ്യാപിപ്പിക്കുമെന്നും ഇതിനായി പരിസ്ഥിതി സംരക്ഷണ അതോറിറ്റി കൊണ്ടുവരുമെന്നും പ്രഖ്യാപിക്കുന്നു. പ്രകടന പത്രികയുടെ അടിസ്ഥാനത്തിൽ മത്സരിക്കുന്ന കോൺഗ്രസ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടാൽ ഇടുക്കിയിൽ മനുഷ്യവാസം അസാധ്യമാകും. ജനങ്ങളെ കുടിയൊഴിപ്പിച്ച് വനവിസ്മൃതി വ്യാപിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും പരിസ്ഥിതി അതോറിറ്റിയും ഹൈലെവൽ കമ്മിറ്റിയും രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കോൺഗ്രസ് പ്രകടനപത്രികക്കെതിരെ ജില്ലയിലുടെനീളം പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വന്യജീവികൾക്ക് മനുഷ്യന് തുല്യമായ പരിഗണന നൽകണമെന്നുള്ള പ്രകടനപത്രിക മുൻനിർത്തി മത്സരിക്കുന്ന ഡീൻ കുര്യാക്കോസ് കോതമംഗലത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം മോർച്ചറിയിൽനിന്ന് മോഷ്ടിച്ച് സമരം സംഘടിപ്പിച്ചത് കോൺഗ്രസിന്റെ കാപട്യം വ്യക്തമാക്കുന്നതാണ്.
വാർത്തസമ്മേളനത്തിൽ കെ.കെ. ശിവരാമൻ, സി.വി. വർഗീസ്, കെ.സലിംകുമാർ, കെ.ഐ. ആന്റണി, ആനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.