നിർമാണം അവസാന ഘട്ടത്തിൽ; പുഴയോരം ബൈപാസ് ഉടൻ തുറക്കും
text_fieldsതൊടുപുഴ: പുഴയോരം ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുയരുമ്പോഴും രണ്ടാഴ്ചക്കകം ബൈപാസ് തുറന്നു നൽകാനുള്ള ഒരുക്കത്തിൽ പൊതുമരാമത്ത് വിഭാഗം.പുഴയോരം ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാതയോരത്തെ വീടിന്റെയും കടയുടെയും സമീപത്തെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം ഭൂവുടമകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തടഞ്ഞത് വിവാദമായിരുന്നു.
പ്രവേശന കവാടത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാതെ ഉള്ളിലേക്ക് കയറിയുള്ള ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ നീക്കത്തിനെതിരെയായിരുന്നു ചിലരുടെ എതിര്‍പ്പ്. ബുധനാഴ്ച ഉദ്യോഗസ്ഥർ മണ്ണുമാന്തിയുമായി പ്രദേശത്തേക്ക് വന്നപ്പോഴാണ് പ്രതിഷേധവുമായി ഭൂവുടമകൾ എത്തിയത്.
റോഡിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ വിവേചനം ഉണ്ടെന്നും ഒരു വിഭാഗം ആളുകളുടെ ഭൂമി മാത്രം ഏറ്റെടുക്കുന്നത് തടയുമെന്നു ഇവർ പറഞ്ഞു. പ്രവേശനകവാടത്തിലെ വലത് ഭാഗത്തെ കെട്ടിടം പൊളിച്ച് നീക്കിയെങ്കിലും അപകടാവസ്ഥയിലായ ഇടതു വശത്തെ കെട്ടിടം പൊളിക്കാത്തത് ഉദ്യോഗസ്ഥരുടെ ഒത്തുകളി മൂലമാണെന്നാണ് ഇവരുടെ ആരോപണം. കൂടുതലാളുകള്‍ സ്ഥലത്തേക്ക് എത്തിയതോടെ പ്രതിഷേധവും ശക്തമായി.
ഇതോടെ മണ്ണുമാന്തി യന്ത്രവുമായി ഉടമയും കരാറുകാരനും സ്ഥലത്തുനിന്ന് മടങ്ങി. മുന്നറിയിപ്പില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന നിർദേശത്തോടെ ഇരുവിഭാഗത്തോടും മടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടു.
അതേസമയം, ഉടകൾക്ക് നഷ്ടപരിഹാരം നൽകിയതാണെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. 55 പ്ലോട്ടുകളുള്ളതിൽ 52 എണ്ണത്തിനും നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. പുഴക്കരികിൽ ക്രാഷ് ബാരിയറുകൾ നിർമിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇത് രണ്ടാഴ്ചക്കകം പൂർത്തിയാകും. ഇതിനുശേഷം ബൈപാസ് ഔദ്യേഗികമായി തുറന്നുനൽകുമെന്നും പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി.
യാഥാർഥ്യമാകുന്നത് തൊടുപുഴയിലെ ഒമ്പതാമത്തെ ബൈപാസ്
തൊടുപുഴ നഗരത്തിലെ ഒമ്പതാമത്തെ ബൈപാസാണ് യാഥാർഥ്യമാകുന്നത്. 1.7 കിലോമീറ്റർ നീളത്തിലും12 മീറ്റർ വീതിയിലുമാണ് റോഡ് നിർമാണം. വെങ്ങല്ലൂർ-കോലാനി ബൈപാസിൽ വെങ്ങല്ലൂർ പാലത്തിനടുത്തുനിന്ന് ആരംഭിച്ച് തൊടുപുഴയാറിന്റെ തീരത്തിലൂടെ ചാഴികാട്ട് ആശുപത്രിക്ക് സമീപം ധന്വന്തരി ജങ്ഷനിൽ എത്തുന്ന രീതിയിലാണ് ബൈപാസിന്റെ രൂപകൽപന.
നഗരത്തിലെ വാഹനത്തിരക്ക് കുറക്കുന്നതോടൊപ്പം നാട്ടുകാർക്ക് വ്യായാമത്തിനും വിനോദത്തിനും ബൈപാസ് ഉപയോഗപ്രദമാകും. പുഴയോരത്ത് 1.7 കിലോമീറ്റർ നീളത്തിൽ രണ്ടു മീറ്റർ വീതിയിലും ഉള്ള ജോഗിങ് ട്രാക്കാണ് നിർമിക്കുന്നത്. വൈകുന്നേരങ്ങളിൽ കുടുംബമായെത്തി സമയം ചെലവഴിക്കാനും കഴിയുന്നതാണ് പുതിയ ബൈപാസ് രൂപകൽപന. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 10.50 കോടിയാണ് വകയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.