തുടർച്ചയായി മണ്ണിടിച്ചിൽ; ഗ്യാപ് റോഡിൽ എന്തിന് ടോൾ?
text_fieldsതൊടുപുഴ: ഗ്യാപ്റോഡിൽ മുമ്പ് പതിവായിരുന്ന മണ്ണിടിച്ചിൽ അപകടങ്ങൾക്ക് റോഡ് നിർമാണം പൂർത്തിയാകുന്നതോടെ അറുതിവരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സുരക്ഷാ മാനദണ്ഡം കാറ്റിൽപറത്തിയ നിർമാണമാണ് നടന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു.
അതിർത്തി കടന്നുപോകുന്ന ഗ്യാപ് റോഡിൽ ഗതാഗതം നിരോധിക്കാത്ത ഒരു മഴക്കാലവും കടന്നുപോയിട്ടില്ല. അടിക്കടി മണ്ണും പാറയും ഇടിഞ്ഞ് അപകടമുണ്ടാകുന്നതും 382 കോടിയോളം രൂപ മുടക്കി ആധുനിക രീതിയിൽ നിർമാണം പൂർത്തീകരിച്ചിട്ടും സുരക്ഷ തീരെ അവകാശപ്പെടാനില്ലാത്തതുമായ ഈ പാതയിലൂടെ സഞ്ചരിക്കാൻ ടോൾ പിരിക്കാൻ തയാറെടുക്കുകയാണ് സർക്കാർ. ടോൾ ചോദിക്കുന്നത് കൊടുക്കേണ്ടതുണ്ടോ എന്നാണ് സഞ്ചാരികളും നാട്ടുകാരും ഉയർത്തുന്ന ചോദ്യം.
2017 സെപ്റ്റംബർ 18നാണ് ദേശീയപാതയിൽപെട്ട മൂന്നാർ-ബോഡിമെട്ട് റോഡിന്റെ വീതികൂട്ടൽ ആരംഭിച്ചത്. 41.84 കിലോമീറ്റർ ദൂരത്തിലെ പണിക്കായി 381.76 കോടിയാണ് അനുവദിച്ചത്. 2019 ആഗസ്റ്റിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ, മഴക്കാലത്ത് തുടർച്ചയായി ദേവികുളം ഗ്യാപ്റോഡിലുണ്ടായ മലയിടിച്ചിലിനെ തുടർന്ന് അഞ്ചര വർഷത്തോളം പണി നീണ്ടു. ഗ്യാപ് റോഡിലെ പതിവായ ഗതാഗത തടസ്സം ദേവികുളം മേഖലയിലെ ചെറുകിട വ്യാപാരികളെയും വിനോദസഞ്ചാര മേഖലയിലുള്ളവരും കടുത്ത ദുരിതത്തിൽ ആഴ്ത്താറുണ്ട്. ഗ്യാപ് റോഡിൽ വൻമലയിടിച്ചിലാണ് മിക്കപ്പോഴും സംഭവിക്കുന്നത്. കൂറ്റൻ പാറകൾ ഉൾപ്പെടെ റോഡിലേക്ക് പതിക്കുന്നതോടെ നാളുകളെടുത്താണ് ഗതാഗതം പുനഃസ്ഥാപിക്കാറുള്ളത്.
ഓരോ മഴക്കാലത്തും ഇത് ആവർത്തിക്കപ്പെടുന്നു. ഗതാഗതസംവിധാനമില്ലാതെ പതിവായി ദേശീയപാതയിൽ ഗതാഗതം നിരോധിക്കുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളായ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഗ്യാപ് റോഡ് അടഞ്ഞാൽ മൂന്നാർ മുതൽ പൂപ്പാറവരെ 10 കിലോമീറ്ററോളം അധികം യാത്രചെയ്യേണ്ട സ്ഥിതിയുമുണ്ട്. ഇതോടെ സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഫലം. ചിന്നക്കനാൽ മേഖലയിലെ സ്കൂൾ കുട്ടികളും അധ്യാപകരും കുഞ്ചിത്തണ്ണി വഴി ചുറ്റി സഞ്ചരിച്ചാണ് സ്കൂളിൽ എത്തുന്നത്. ഇക്കുറിയുണ്ടായ മണ്ണിടിച്ചിലോടെ ആഴ്ചകൾക്ക് ശേഷം അടുത്തദിവസമാണ് ഭാഗികമായി ഗതാഗതം അനുവദിച്ചു തുടങ്ങിയത്.
ഈ മാസം ഒന്നിന് ദേവികുളത്തിനു സമീപം ലാക്കാടുള്ള ടോൾപ്ലാസ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ആഗസ്റ്റ് ഒന്നു മുതൽ 2025 മാർച്ച് 31വരെയുള്ള ടോൾ നിരക്കുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു.
പാത അടഞ്ഞതോടെയാണ് മാറ്റിവെച്ചത്. കഴിഞ്ഞ ഒക്ടോബർ 10 മുതൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിൽനിന്ന് ടോൾ നിരക്ക് ഈടാക്കുന്നതിന് ഉത്തരവിറക്കിയിരുന്നെങ്കിലും വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിവ് തുടങ്ങിയില്ല. ചിന്നക്കനാൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് ഗ്യാപ് റോഡ് പ്രദേശം. മൂന്നാറിൽനിന്ന് ചിന്നക്കനാലിലേക്കുള്ള എളുപ്പവഴിയാണിത്. എസ്റ്റേറ്റുകളിലൂടെ മനോഹരദൃശ്യം കണ്ടു സഞ്ചരിച്ചാണ് മൂന്നാറിൽനിന്ന് സഞ്ചാരികൾ തേക്കടിയിലേക്ക് ഇതുവഴി കടന്നുപോകുന്നത്. ഗ്യാപ് റോഡ് അടക്കുമ്പോഴൊക്കെ കൊച്ചിവഴി മൂന്നാറിലെത്തുന്നവർ ചിന്നക്കനാലും തേക്കടിയും ഒഴിവാക്കി തിരികെ പോകുകയാണ്.
അരിക്കൊമ്പനെ കൊണ്ടുപോയ വഴിയെന്ന നിലയിൽ പ്രശസ്തമായ റോഡിന്റെ ഭാഗമാണ് ഗ്യാപ് റോഡ്. ഗ്യാപ് റോഡ് വഴി പവർഹൗസ് വെള്ളച്ചാട്ടം, കൊളുക്കുമല, സൂര്യനെല്ലി, ആനയിറങ്കൽ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.