പാചകവാതക വിലവർധന; ഭക്ഷ്യവിൽപന ശാലകൾ പ്രതിസന്ധിയിൽ
text_fieldsതൊടുപുഴ: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വില നിയന്ത്രണമില്ലാതെ കുതിക്കുന്നതിനാൽ ജില്ലയിലെ ഭക്ഷ്യശാലകൾ പ്രതിസന്ധിയിൽ. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 1883 രൂപയാണ് നിലവിലെ വില.
19 കിലോയുള്ള വാണിജ്യസിലിണ്ടറിന് ഒക്ടോബറിൽ 48.50 രൂപ കൂട്ടിയിരുന്നു. ഇതിനു പുറമെ 61.50 രൂപ അടുത്ത നാളിലും കൂട്ടി. നാലു മാസത്തിനിടെ 157.50 രൂപയുടെ വർധനയാണ് ഒരു സിലിണ്ടറിനുണ്ടായത്. ശരാശരി കച്ചവടമുള്ള ഹോട്ടലുകൾക്ക് 12 മണിക്കൂർ മാത്രമാണ് ഒരു സിലിണ്ടർ ഉപയോഗിക്കാൻ കഴിയുന്നത്. രണ്ടോ അതിൽ കൂടുതലോ സിലിണ്ടർ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് നിലവിലെ വിലയനുസരിച്ച് ഒരുമാസം 23,000 മുതൽ 67,000 വരെ അധികച്ചെലവ് വേണ്ടിവരുന്നുണ്ട്.
വിതരണക്കൂലിയിനത്തിലും അധികപണം നൽകണം. ഈയിനത്തിൽ അമിതത്തുക ഈടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതിനു പുറമെയാണ് മറ്റ് അവശ്യസാധനങ്ങളുടെ വിലയിൽ വരുന്ന വർധനയും ഉയർന്ന തൊഴിൽക്കൂലിയും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടുത്ത നാളിൽ സവാള വില കൂടിയത് ഹോട്ടലുകളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. മത്സ്യം, മാംസം, പച്ചക്കറി എന്നിവയുടെ വിലയിലും വർധനയുണ്ടായി. സാധാരണ തൊഴിലാളികൾക്കു പോലും 900 രൂപ മുതൽ കൂലി നൽകണമെന്ന് ഭക്ഷ്യശാല ഉടമകൾ പറയുന്നു.
ഹോട്ടൽ, ബേക്കറി, റസ്റ്റാറന്റുകൾ, തട്ടുകടകൾ, കാറ്ററിങ് തുടങ്ങി എല്ലാ ഭക്ഷ്യോൽപന്ന വിതരണ സ്ഥാപനങ്ങളെയും പാചക വാതക വിലവർധന കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒട്ടേറെ സ്ഥാപനങ്ങൾ പിടിച്ചുനിൽക്കാൻ കഴിയാതെ അടുത്ത നാളുകളിൽ പൂട്ടി. മറ്റ് തൊഴിൽമേഖലകൾ തേടിപ്പോകാൻ കഴിയാത്തവരാണ് സാമ്പത്തികലാഭം നോക്കാതെ ഈ രംഗത്ത് പിടിച്ചുനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.