ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; ചികിത്സാമേഖല പ്രതിസന്ധിയിൽ
text_fieldsതൊടുപുഴ: കോവിഡ് മൂന്നാം തരംഗം ജില്ലയിൽ ആഞ്ഞടിച്ച് തുടങ്ങിയതോടെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്. ഈ മാസം 24ാം തീയതി വരെ ഡോക്ടർമാരടക്കം 93 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചത്. ഓരോ ദിവസവും രോഗികൾ കൂടുന്നത് ആശുപത്രികളുടെയടക്കം ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചുതുടങ്ങി.
തൊടുപുഴ ജില്ല ആശുപത്രിയിൽ ഏഴ് ഡോക്ടർമാരും 20ഓളം ഇതര ജീവനക്കാരും കോവിഡ് ബാധിതരാണ്. ഡ്യൂട്ടിയിലുള്ള ഡോക്ടർമാരും ജീവനക്കാരും അധികഡ്യൂട്ടി ചെയ്താണ് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സുമാർ അടക്കം പല ജീവനക്കാരും കോവിഡ് പോസിറ്റിവ് ആയതിനാൽ ഐ.സി.യുവിൽപോലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് അടക്കം 12 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ, നാല് ഡോക്ടർമാരും കോവിഡ് ബാധിതരാണ്. ചൊവ്വാഴ്ച വിഷയം ചർച്ച ചെയ്യാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
ജീവനക്കാരുടെ അഭാവം വാക്സിനേഷനെ ബാധിച്ചുതുടങ്ങി
ദേവികുളം, വണ്ണപ്പുറം, ആലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയടക്കം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ പ്രതിസന്ധിയിലാണ്.
കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ നിലവിലെ വാക്സിനേഷനടക്കം തടസ്സപ്പെടുമോയെന്നാണ് ആശങ്ക. പല ആശുപത്രികളിലും ജീവനക്കാരുടെ അഭാവം മൂലം മറ്റിടങ്ങളിൽനിന്ന് സ്റ്റാഫിനെ നിയോഗിക്കുകയാണ്. ഇത് ജീവനക്കാർക്കും ആശുപത്രിയിലെത്തുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഒ.പി മുടങ്ങാതിരിക്കാൻ ആരോഗ്യപ്രവർത്തകർ അധിക ഡ്യൂട്ടിയടക്കം ചെയ്യേണ്ട സാഹചര്യമാണ്. ഒരാഴ്ചകൂടി ഇത് തുടർന്നാൽ സ്ഥിതി ഗുരുതരമാകും. സ്റ്റാഫില്ലാതെ വന്നാൽ ഒ.പി അടക്കം മുടങ്ങുന്ന സാഹചര്യമുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പിരിച്ചുവിട്ടവർക്ക് പകരം ആളെത്തിയില്ല
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ കിടക്കകളുടെയും എണ്ണം കൂട്ടേണ്ടിവരും. അപ്പോഴും ജീവനക്കാരുടെ അഭാവമാണ് വെല്ലുവിളി. ഹൈറേഞ്ചിലെ താലൂക്ക് ആശുപത്രികളിലും പ്രധാന സർക്കാർ ആശുപത്രികളിലും കോവിഡ് ബാധിതർക്ക് കിടത്തിച്ചികിത്സ ആരംഭിക്കേണ്ടതുണ്ട്. രോഗപ്പകർച്ച ഏറിയാൽ ഊഴംവെച്ച് ഡ്യൂട്ടിക്ക് കയറാൻ കൂടുതൽ ജീവനക്കാർ വേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് അസാധ്യമാണ്. കോവിഡ് ബ്രിഗേഡിലെ പിരിച്ചുവിട്ട ജീവനക്കാർക്കുപകരം നിയമനമില്ലാത്തതും പോസിറ്റിവാകുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചതും ചികിത്സയെ ബാധിക്കുന്നു. അതേസമയം, നിലവിൽ കാര്യമായ പ്രതിസന്ധിയില്ലെന്നും ജീവനക്കാർ കുറവുള്ള കേന്ദ്രങ്ങളിൽ മറ്റിടങ്ങളിൽനിന്ന് ജീവക്കാരെ ഡ്യൂട്ടിക്കിടുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.