സി.പി.ഐ ഓഫിസിന് ചട്ടം ലംഘിച്ച് പട്ടയം
text_fieldsതൊടുപുഴ: സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസിന് പട്ടയം ലഭിച്ചത് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം. ജില്ലയിലാകെ ഷോപ്സൈറ്റുകൾക്ക് പട്ടയം ലഭിക്കാൻ നിയമ തടസ്സമുള്ളപ്പോഴാണ് രാജാക്കാട് കാന്തിപ്പാറ വില്ലേജിലെ ഒട്ടാത്തിയിലെ സി.പി.ഐ ഓഫിസ് പ്രവർത്തിക്കുന്ന ഷോപ്സൈറ്റിന് പട്ടയം ലഭിച്ചത്.
സേനാപതി ലോക്കൽ സെക്രട്ടറിയുടെ ഭാര്യയും സി.പി.ഐ ശാന്തൻപാറ മണ്ഡലം സെക്രട്ടറിയുമായ കെ.സി. ആലീസിന്റെ ഉടമസ്ഥതയിലെ മൂന്ന് സെന്റിൽ താഴെ വിസ്തീർണമുള്ള സ്ഥലത്താണ് 1400 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നു നില കെട്ടിടമുള്ളത്. ഈ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി 2017ലാണ് അപേക്ഷ സമർപ്പിച്ചത്. സ്ഥലപരിശോധന നടത്തിയ റവന്യൂ ഉദ്യോഗസ്ഥൻ ഇത് വീടല്ലെന്നും മൂന്ന് നിലയിൽ നിർമിക്കുന്ന കടയാണെന്നും വ്യക്തമാക്കി ഉടുമ്പൻചോല തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.
തഹസിൽദാർ പരിശോധന നടത്തുകയും അപേക്ഷ നൽകിയവർക്ക് താമസിക്കാൻ വേറെ വീടുണ്ടെന്നും ഷോപ്സൈറ്റുകൾക്ക് പട്ടയം നൽകുന്നതിൽ കൂടുതൽ വ്യക്തത വേണമെന്നും കാണിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി. പിന്നീട് കലക്ടറുടെ വിശദീകരണമില്ലാതെ തന്നെ 2020ൽ ചില റവന്യൂ ഉദ്യോഗസ്ഥർ ഇടപെട്ട് ഭൂമിക്ക് പട്ടയം അനുവദിക്കുകയായിരുന്നു.
റീസർവേ ഫെയർ ലാൻഡ് രജിസ്റ്റർ അടിസ്ഥാനമാക്കി 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈവശവും കൃഷിയും തിട്ടപ്പെടുത്തിയാണ് 1993ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള 2009 നവംബർ 16ലെ സർക്കാർ ഉത്തരവ് പ്രകാരം സ്വന്തം വാസഗൃഹങ്ങൾക്കും കൃഷിക്കും ചെറിയ കടകൾ നിർമിക്കുന്നതിനും മാത്രമേ പട്ടയം നൽകാൻ പാടുള്ളൂ എന്ന് നിഷ്കർഷയുണ്ട്. കടകളുടെ വിസ്തീർണം എത്ര വരെയാകാം എന്നതിൽ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായിട്ടില്ല.
സർക്കാർ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ ഷോപ്സൈറ്റുകൾക്ക് പട്ടയം അനുവദിക്കാൻ കഴിയൂ എന്നാണ് മറ്റ് അപേക്ഷകളുടെ കാര്യത്തിൽ റവന്യു വകുപ്പ് സ്വീകരിച്ച നിലപാട്. കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട് ഉൾപ്പെടെ ജില്ലയിലെ വിവിധ ടൗണുകളിൽ നൂറുകണക്കിന് ഷോപ്സൈറ്റുകൾ പട്ടയത്തിന് അപേക്ഷിച്ച് കാത്തുകിടക്കുന്നുണ്ട്. നിയമതടസ്സങ്ങളും ഭൂപ്രശ്നങ്ങളുമുയർത്തി സാധാരണക്കാർക്കു പട്ടയം നിഷേധിക്കുമ്പോഴും റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിക്ക് ചട്ടങ്ങൾ ലംഘിച്ച് പട്ടയം നൽകിയെന്ന് പ്രതിപക്ഷവും കർഷക സംഘടനകളും ആരോപിക്കുന്നു. 1993ലെ ചട്ടപ്രകാരം നിയമാനുസൃതമാണ് ഒട്ടാത്തിയിലെ ഭൂമിക്കു പട്ടയം ലഭിച്ചതെന്നാണ് സി.പി.ഐ പ്രാദേശിക നേതൃത്വത്തിന്റെ ന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.