സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം: നഗരസഭ ഭരണം മോശം; നവകേരള സദസ്സിനും വിമർശനം
text_fieldsതൊടുപുഴ: സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനത്തിൽ നവകേരള സദസ്സിനെതിരെ വിമർശനം. സംസ്ഥാനത്തെ ഭരണസംവിധാനം ഉദ്യോഗസ്ഥരുടെ കൈയിലായെന്ന വിമർശനവും പല പ്രതിനിധികളും ഉയർത്തി. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ പറ്റുന്നില്ല. അതിനാൽ സാധാരണ ജനങ്ങൾക്ക് നീതികിട്ടാൻ വൈകുന്നു. പാർട്ടിയും സർക്കാറും ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടുന്നില്ല. അത് പരിഹരിക്കപ്പെടണം. നവകേരളസദസ്സ് സാധാരണക്കാർക്ക് പ്രതീക്ഷിച്ച പ്രയോജനം ഉണ്ടാക്കിയില്ല. ഇത് പാർട്ടിക്ക് ദോഷം ചെയ്തുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
തൊടുപുഴ നഗരസഭയുടെ എൽ.ഡി.എഫ് ഭരണസമിതിക്കും ചെയർപേഴ്സനുമെതിരെ നിശിത വിമർശനമാണ് തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളന ചർച്ചയിൽ ഉയർന്നത്. ചെയർപേഴ്സന്റെ നടപടിക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാർതന്നെ രംഗത്തെത്തിയത് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അർബൻ ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണം വഴിവിട്ട് വായ്പ നൽകിയതാണെന്ന വിമർശനവും ചിലർ ഉന്നയിച്ചു. വിഷയം ജില്ല കമ്മിറ്റിയിൽ എത്തിയെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായത്. അർബൻബാങ്ക് ഭരണ സമിതിയുടെ പിടിപ്പുകേടും ക്രമക്കേടും പാർട്ടിയെ ഉലച്ചു.
പാർട്ടി തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി സമാന്തര ജില്ലകമ്മിറ്റിയായി പ്രവർത്തിക്കുന്നെന്നും അഴിമതിക്കാരെ പിന്തുണക്കുന്നെന്നും തുടങ്ങിയ ആരോപണം വെസ്റ്റ് ഏരിയ കമ്മിറ്റിയിലും ഉന്നയിക്കപ്പെട്ടു.
പാർട്ടിയുടെ മാധ്യമ പ്രവർത്തകൻ കൂടിയായ രാജ്യസഭ അംഗം പ്രമുഖ അബ്കാരിയുമായി വഴിവിട്ടബന്ധം പുലർത്തുന്നതും ഇത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് വെസ്റ്റ് ഏരിയ കമ്മിറ്റിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. മണക്കാട് ലോക്കൽ കമ്മിറ്റിയിൽനിന്നുള്ള പ്രതിനിധികളാണ് ഈ ആക്ഷേപം ഉന്നയിച്ചത്. സീനിയോറിറ്റി മറികടന്ന് നഗരസഭ ചെയർസഭ ചെയർപേഴ്സനെ തീരുമാനിച്ചതിലെ നീരസവും ചർച്ചയിൽ ഉയർന്നു.
പാർട്ടി ജില്ല നേതൃത്വം ഈസ്റ്റ് ഏരിയകമ്മിറ്റിക്ക് മുന്തിയ പരിഗണന നൽകുന്നെന്ന ആക്ഷേപവും ചില അംഗങ്ങൾ ഉയർത്തി. ഈസ്റ്റിൽ കൂടുതൽ ഏരിയകമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ താൽപര്യമെടുത്ത ജില്ല നേതൃത്വം വെസ്റ്റ് ഏരിയകമ്മിറ്റിയെ തഴഞ്ഞു. ഇതോടെ വെസ്റ്റിൽ പ്രമുഖകരടക്കം ഏരിയകമ്മിറ്റി അംഗങ്ങളാകുന്ന സാഹചര്യമാണ് വെട്ടിനിരത്തപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.