പൈനാപ്പിൾ പുതുകൃഷി പ്രതിസന്ധിയിൽ
text_fieldsതൊടുപുഴ: സംസ്ഥാനത്ത് കന്നാര കാനിക്ക് കടുത്ത ക്ഷാമം. ഇതോടെ പൈനാപ്പിൾ പുതുകൃഷി കടുത്ത പ്രതിസന്ധിയിൽ. കാനി കിട്ടാനില്ലാതായതോടെ വിലയും കുതിച്ചുയർന്നു. കഴിഞ്ഞ തവണ വേനൽ നീണ്ടുനിന്നതും സമയത്ത് മഴ ലഭിക്കാത്തതുമാണ് കാനി ക്ഷാമത്തിനു പ്രധാന കാരണം.
ഏതാനും മാസങ്ങളായി പൈനാപ്പിളിന് സമാന്യം ഭേദപ്പെട്ട വില ലഭിച്ചതോടെ കൃഷി നടത്തിയിരുന്നവർ കൃഷി വ്യാപിപ്പിച്ചതിനാൽ പുറത്തേക്ക് കൊടുക്കാത്തതും ക്ഷാമത്തിനു കാരണമാണ്.
വിളവെടുപ്പ് പൂർത്തീകരിച്ച ആദ്യ വർഷത്തെ കാനിക്ക് 14 രൂപയും രണ്ടാം വർഷത്തേതിന് 12 രൂപയും മൂന്നാം വർഷത്തേതിന് 10 രൂപയുമാണ് ഇത്തവണത്തെ വില. കഴിഞ്ഞ വർഷം 10 രൂപയായിരുന്നു ശരാശരി വില. നേരത്തേ അദ്യ വർഷത്തെ കാനിയുടെ വില 16-17 എന്ന തോതിലേക്ക് ഉയർന്നിരുന്നു.
കൃഷി സീസണ് അവസാനിക്കാറായതിനാൽ രണ്ടുദിവസമായി കാനിക്ഷാമം കുറഞ്ഞിട്ടുണ്ട്. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് പുതുകൃഷി കൂടുതലായും നടത്തുന്നത്. മഴ മാറുന്നതിനു മുമ്പ് ഒക്ടോബർ വരെ കൃഷിയിറക്കുമെങ്കിലും വേനൽ മുന്നിൽക്കണ്ട് നേരത്തേതന്നെ കൃഷിയിറക്കിയാലെ തൈകൾ കേടുകൂടാതെ വളരുകയുള്ളൂ. അതിനാൽ റബർ റീ പ്ലാന്റ് ചെയ്യുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലാണ് തോട്ടങ്ങളിൽ കൂടുതലായും കൃഷിയിറക്കുന്നത്.
കാളിയാർ ഹാരിസണ്‍ മലയാളം, തൊടുപുഴ മലങ്കര എസ്റ്റേറ്റുകളിലും ഏക്കർ കണക്കിനു സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്. ഇപ്രകാരം സംസ്ഥാനത്തെ നിരവധി എസ്റ്റേറ്റുകളിൽ റബർ വെട്ടി പൈനാപ്പിൾ കൃഷി നടത്തുന്നുണ്ട്. പൈനാപ്പിളിന് ശരാശരി വിലയുള്ളതിനാൽ സ്ഥലത്തിന്റെ പാട്ടത്തുകയും വർധിച്ചിട്ടുണ്ട്.
ഗതാഗത, ജലസേചന സൗകര്യം മുൻനിർത്തിയാണ് പാട്ടത്തുക പലപ്പോഴും നിശ്ചയിക്കപ്പെടുന്നത്. നിലവിൽ പഴുത്ത പൈനാപ്പിളിന് കിലോക്ക് 50-52 രൂപയും പച്ചക്ക് 44-46 രൂപയുമാണ് വില. ഇത്തവണ പഴുത്ത പൈനാപ്പിളിന് 60-65 രൂപവരെയും പച്ചക്ക് 55-58 വരെയും വില ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.