ഭാര്യയുടെ തലക്കും കൈക്കും വെട്ടി; യുവാവ് പിടിയിൽ
text_fieldsതൊടുപുഴ: കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യയുടെ കൈക്കും തലക്കും വെട്ടി പരിക്കേൽപിച്ചയാളെ പിടികൂടി. ഒളമറ്റം അറയ്ക്കപ്പാറ സ്വദേശി മൂലയിൽ ബെന്നി ജോസഫിനെയാണ് (38) തൊടുപുഴ പൊലീസ് അങ്കമാലിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. അറയ്ക്കപ്പാറ സ്വദേശിനി സുമിക്കാണ് (37) പരിക്കേറ്റത്.
സംഭവദിവസം ബെന്നി കോടാലിയുടെ കൈകൊണ്ട് ഭാര്യയുടെ കാലിന് അടിച്ച് പരിക്കേൽപിച്ചിരുന്നു. പ്രതി തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചിരുന്നു. വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്.തിരിച്ചെത്തിയശേഷം വീണ്ടും വഴക്കുണ്ടാകുകയും വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
വാക്കത്തി ഉപയോഗിച്ചാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു.കഴുത്തിന് വെട്ടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് സുമിയുടെ കൈകൾക്കും തലക്കും പരിക്കേറ്റത്. സുമി ബഹളംവെച്ചതോടെ അയൽവാസികൾ എത്തിയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ബെന്നിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. സംഭവ ശേഷം മംഗലാപുരത്ത് ഒളിവിൽപോയ പ്രതിയെ ഫോൺ ലൊക്കേഷന്റെ സഹായത്തോടെ നിരീക്ഷിച്ചുവരികയായിരുന്നു. നാട്ടിലേക്ക് വരുന്നതിനിടെയാണ് അങ്കമാലിയിൽനിന്ന് പിടികൂടിയത്. തൊടുപുഴ സി.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ എ. അജയകുമാർ, എസ്.ഐ ഷംസുദീൻ, സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, ജോബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.