ഭാര്യയെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതി കുറ്റക്കാരൻ
text_fieldsതൊടുപുഴ: ഭാര്യയെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതി പെരുവന്താനം ആനചാരി ഭാഗത്ത് കൊട്ടാരത്തിൽ ദേവസ്യ എന്ന അപ്പച്ചൻ കുറ്റക്കാരനാണെന്ന് തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. സീത വിധിച്ചു. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
2015 മേയ് 26ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ 65കാരി മേരിയെ രാത്രി വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നിരന്തരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായ പ്രതി മദ്യപിച്ചെത്തി പലപ്പോഴും കൊല്ലുമെന്നുപറഞ്ഞ് ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഭീഷണി ഭയന്ന് പ്രതിയുടെ മകനും ഭാര്യയും കുട്ടിയും തൊടുപുഴക്ക് താമസംമാറ്റിയിരുന്നു. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം പ്രതി മകനോടും മകളോടും ഫോണിൽകൂടിയും അയൽവാസിയുടെ വീട്ടിൽചെന്നും പറയുകയുമുണ്ടായി. സംശയം തോന്നിയ അയൽവാസി ചെന്നുനോക്കിയപ്പോൾ കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കുളിച്ച് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ മേരിയെ കാണുകയായിരുന്നു.
മക്കളുടെയും അയൽവാസികളുടെയും മൊഴികളും സാഹചര്യതെളിവുകളും കേസ് തെളിയിക്കാൻ പര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.
പെരുവന്താനം എസ്.ഐ. ആയിരുന്ന ടി.ഡി. സുനിൽകുമാർ, പീരുമേട് സി.ഐ പി.വി. മനോജ്കുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.