ഡെങ്കിപ്പനി; കൊതുകുകളുടെ ഉറവിടംകണ്ടെത്താൻ സർവേ
text_fieldsതൊടുപുഴ: ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ വീടുകൾ സന്ദർശിച്ച് വെക്ടർ കൺട്രോൾ യൂനിറ്റിന്റെ നേതൃത്വത്തിൽ സർവേ, പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം. കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം. കേസുകൾ റിപ്പോർട്ട് ചെയ്ത നൂറോളം വീടുകളുടെ പരിസരങ്ങൾ സർവേയുടെ ഭാഗമായി പരിശോധിക്കും. എത്രസ്ഥലങ്ങളിൽ ഡെങ്കിപ്പനി പരത്തുന്ന കൂത്താടികളുടെ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാക്കും. തൊടുപുഴ നഗരസഭ പരിധി, വണ്ണപ്പുറം, ഇളംദേശം, ഇടവെട്ടി, മണക്കാട് എന്നിവിടങ്ങളിൽ പഠനം നടത്തി കൊതുകിന്റെ ഉറവിട നശീകരണമടക്കം നടത്തിവരുകയാണ്. ചിലയിടങ്ങൾ ഹൈറിസ്ക് ഏരിയകളായി കണ്ടെത്തിയിട്ടുണ്ട്.
100 വീടുകൾ പരിശോധിക്കുമ്പോൾ പത്തോ അതിലധികമോ ഡെങ്കിപ്പനി പരത്താൻ സാധ്യതയുള്ള ഈഡിസ് കൊതുകുകളുടെ സാന്നിധ്യം ഉള്ള പ്രദേശങ്ങളെയാണ് ഹൈറിസ്കിൽപെടുത്തുന്നത്. ചിലയിടത്ത് 20വരെ ഇത്തരം കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയതായി വെക്ടർ കൺട്രോൾ വിഭാഗം പറയുന്നു. ഇവിടെ രോഗസാധ്യതയുള്ള പ്രദേശമായി കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. മരുന്ന് തളിക്കൽ, ഫോഗിങ് എന്നിവയടക്കം നടത്തും. ഇടവിട്ട് മഴ പെയ്യുന്നതിനാൽ പലയിടത്തും കൊതുകുകളുടെ എണ്ണം പെരുകുന്നുണ്ട്. ഹൈറിസ്ക് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ശേഷം ഒരാഴ്ചക്കുള്ളിൽ ഇവിടം സന്ദർശിച്ച് സ്ഥിതി വിലയിരുത്തും. വെള്ളക്കെട്ടുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ സ്പ്രേയിങ് അടക്കം നടക്കുന്നുണ്ട്. ഇതു കൂടാതെ മലേറിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാത്രി കൊതുകുകളെ ശേഖരിച്ച് രോഗം പകരുന്ന തരത്തിലുള്ളതാണോ എന്ന് തിരിച്ചറിയും. മന്ത് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ടും വെക്ടർ കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് അധികൃതർ അറിയിച്ചു.
ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോ പിറ്റസ് എന്നീ കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിടുന്നതും പകൽ കടിക്കുന്നവയുമാണ്. വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങൾ, പാത്രങ്ങൾ, പൂച്ചട്ടികൾ, ഫ്രിഡ്ജിന്റെ പിൻവശത്തുള്ള ട്രേ, ഉപയോഗരഹിതമായ ടയർ, പടുതയുടെ മടക്കുകൾ, ആക്രി സാധനങ്ങൾ, ഉപയോഗിക്കാത്ത ശുചിമുറികൾ, മണിപ്ലാന്റ് വളർത്തുന്ന പാത്രങ്ങൾ എന്നിവയിലുള്ള വെള്ളത്തിലാണ് കൂത്താടികൾ കാണുന്നത്. ഫ്രിഡ്ജിനു പിന്നിലെ ട്രേയിൽ കെട്ടിക്കിടക്കുന്ന വെള്ളം ആഴ്ചയിൽ രണ്ടുതവണ മാറ്റണം. പൂച്ചട്ടിയിലെ വെള്ളവും മാറ്റി നിറക്കണം. ഉപയോഗരഹിത ശുചിമുറി ആഴ്ചയിൽ രണ്ടുതവണ വൃത്തിയാക്കണം. പാഴ്വസ്തുക്കളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.