ഫ്രീക്കന്മാർ സൂക്ഷിക്കുക: കുട്ടി ഡ്രൈവർമാരെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ്
text_fieldsതൊടുപുഴ: ഇരുചക്രവാഹനങ്ങളിലടക്കം അശ്രദ്ധമായ ഡ്രൈവിങ്ങുമായി അഭ്യാസപ്രകടനം നടത്തുന്ന കുട്ടി ഡ്രൈവർമാരെ നിയന്ത്രിക്കാൻ ശക്തമായ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരക്കാരെ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ കൈയോടെ പിടികൂടാനും നിലവിലെ ശിക്ഷാനടപടി കടുപ്പിക്കാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന് ആർ.ടി.ഒ ആർ. രമണൻ അറിയിച്ചു. ജില്ലയിൽ കൗമാരക്കാർ ഉൾപ്പെടുന്ന വാഹനാപകട മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച ചേർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
ലഹരിയിലങ്ങനെ പായണ്ട
നിയമം ലംഘിച്ചും അപകടകരമായും വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ ബുധനാഴ്ചകളിലും രാവിലെ മുതൽ വൈകീട്ട് വരെ പ്രധാന റോഡുകളിൽ കർശന പരിശോധന നടത്തും. ലഹരിക്കടിമകളായ ലൈസൻസ് ഉടമകളെ എക്സൈസ് വകുപ്പുമായി ചേർന്ന് കണ്ടെത്തും. ഇവരെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി കാര്യങ്ങൾ വിശദീകരിച്ച് നിയമനടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ ലൈസൻസ് റദ്ദാക്കുകയോ തൽക്കാലത്തേക്ക് സസ്പെൻഡ് ചെയ്യുകയോ ചെയ്യും.
വിവരം നൽകാൻ വ്യാപാരികളും
ജില്ലയിലെ വ്യാപാരി, വ്യവസായികൾക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും അസി. ഇൻസ്പെക്ടർമാരുടെയും മൊബൈൽ നമ്പറുകൾ നൽകും. ആരെങ്കിലും അപകടകരമായി വാഹനങ്ങൾ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇവർക്ക് ചിത്രങ്ങളും വിഡിയോയും എടുത്ത് ഉദ്യോഗസ്ഥർക്ക് അയക്കാം. പ്രായപൂർത്തിയാകാത്തവരാണ് വാഹനം ഓടിച്ചതെങ്കിൽ ഇവരുടെ മാതാപിതാക്കളെയും വാഹന ഉടമയെയും വിളിച്ചുവരുത്തി നടപടി സ്വീകരിക്കും.ജില്ലയിലെ അപകട സാധ്യത മേഖലകൾ കണ്ടെത്തി അവിടങ്ങളിൽ നിരന്തരം പരിശോധന നടത്തും.
ഇതോടൊപ്പം മാധ്യമങ്ങൾ വഴി ബോധവത്കരണം ശക്തിപ്പെടുത്തും. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നിലവിലെ നടപടിക്കുപകരം കേസ് കോടതിക്ക് കൈമാറും.
നമ്പർപ്ലേറ്റിൽ കളി വേണ്ട
വാഹനത്തിലെ അഭ്യാസപ്രകടനം ഹെൽമറ്റിൽ ഘടിപ്പിച്ച കാമറയിൽ പകർത്തുകയും പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കൗമാരക്കാർക്കിടയിൽ വ്യാപകമാണ്. ഇത്തരക്കാരെ പ്രത്യേക സംവിധാനം വഴി കണ്ടെത്തി നടപടി സ്വീകരിക്കും. നമ്പർ പ്ലേറ്റ് പെട്ടെന്ന് ഊരിമാറ്റാവുന്ന വിധത്തിലും മടക്കിവെക്കാവുന്ന വിധത്തിലും രൂപമാറ്റം വരുത്തുന്നുണ്ട്. ഇങ്ങനെ രൂപമാറ്റം വരുത്തി നൽകുന്ന വാഹന ഡീലർമാർക്കും വർക്ഷോപ് ഉടമകൾക്കും കത്ത് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.