കൗൺസിലറുടെ അയോഗ്യത; തൊടുപുഴയിൽ ഇടതുഭരണം തുലാസിൽ
text_fieldsതൊടുപുഴ: തൊടുപുഴ നഗരസഭ കൗൺസിലർ മാത്യു ജോസഫിന് ഹൈകോടതി അയോഗ്യത കൽപ്പിച്ചതോടെ ആകെ കൗൺസിലർമാരുടെ എണ്ണത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ നില. 11ാം വാർഡ് കൗൺസിലർ മാത്യു ജോസഫ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥിയായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പിന്നീട് എൽ.ഡി.എഫിലേക്ക് കൂറുമാറിയെന്ന് ആരോപിച്ചുള്ള ഹരജിയിലാണ് വിധി വന്നത്. കൈക്കൂലി കേസിൽ പ്രതിയായതോടെ പിന്തുണ പിൻവലിക്കുകയും രാജിവെക്കേണ്ടി വരികയും ചെയ്ത നഗരസഭ ചെയർമാൻ എൽ.ഡി.എഫിന് പുറത്തായതിന് പിന്നാലെയാണ് കൗൺസിലർ മാത്യൂ ജോസഫിന് അയോഗ്യത.
35 അംഗ കൗൺസിലിൽ എല്‍.ഡി.എഫിന് ചെയര്‍മാനെ കൂടാതെ 13 അംഗങ്ങളാണുണ്ടായിരുന്നത്. മാത്യൂജോസഫ് അയോഗ്യനാക്കപ്പെട്ടതോടെ എണ്ണം 12 ആയി. യു.ഡി.എഫിനും നിലവിൽ 12 കൗൺസിലർമാരാണുള്ളത്. ബി.ജെ.പിക്ക് എട്ടും. നേരത്തെ പെട്ടേനാട് വാർഡ് കൗൺസിലർ അയോഗ്യയാക്കപ്പെട്ടപ്പോഴാണ് എൽ.ഡി.എഫ് അംഗങ്ങളുടെ എണ്ണം 14 ൽ നിന്ന് 13 ആയത്. ഇതോടെ, ഇന്ന് നടക്കുന്ന പെട്ടേനാട് വാർഡ് ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാവും. നഗരസഭാ ഉപാധ്യക്ഷ കൂടിയായിരുന്ന ജെസി ജോണി അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്നാണ് പെട്ടേനാട് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച് ഇടതിനൊപ്പം ചേർന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ ആവുകയായിരുന്നു ജെസി ജോണി. 2020ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന നഗരസഭയിൽ ഇടതു പിന്തുണയോടെ ചെയർമാനായത് കോൺഗ്രസ് വിമതനായിരുന്ന സനീഷ് ജോർജാണ്. കോൺഗ്രസ് വിമതനായി വിജയിച്ച സനീഷിനെയും ജെസി ജോണിയെയും മറുകണ്ടം ചാടിച്ച് ഭരണം പിടിക്കുകയായിരുന്നു. ഈ ഭരണമാണ് ഇപ്പോൾ തുലാസിലായത്. യു.ഡി.എഫിന് സാധ്യതയുള്ള പെട്ടേനാട് അവർ വിജയിച്ചാൽ യു.ഡി.എഫ് അംഗ സംഖ്യ 13 ആയി ഉയരും. ഇതുണ്ടായാൽ സനീഷ് ജോർജ് എൽ.ഡി.എഫിനെ പിന്തുണച്ചില്ലെങ്കിൽൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. എൽ.ഡി.എഫ് വിജയിച്ചാൽ അംഗബലം തുല്യമാകും. അപ്പോഴും ഭൂരിപക്ഷമുണ്ടാകില്ല.
എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടി വന്നിരിക്കെ സനീഷ് ജോർജ് ആരെ പിന്തുണക്കുമെന്ന് വ്യക്തമല്ല. സ്വതന്ത്രനായി തുടരുമെന്നാണ് രാജി പ്രഖ്യാപിച്ച് സനീഷ് ജോർജ് പ്രതികരിച്ചത്. വരാനിരിക്കുന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ സനീഷ് ജോർജ് വിട്ടുനിൽക്കാനാണിട. അതല്ലെങ്കിൽ യു.ഡി.എഫിനെ പിന്തുണച്ചേക്കും. രണ്ടായാലും ഇടതിനാകും നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.