പി.എസ്.സി പരീക്ഷക്ക് വിദൂര കേന്ദ്രങ്ങൾ ഉദ്യോഗാർഥികൾക്ക് അഗ്നിപരീക്ഷ
text_fieldsതൊടുപുഴ: ഹൈറേഞ്ചിലേതടക്കം വിദൂര സ്ഥലങ്ങളിലെ സ്കൂളുകൾ പരീക്ഷ കേന്ദ്രങ്ങളായി നിശ്ചയിക്കുന്നത് മൂലം ജില്ലയിലെ ഉദ്യോഗാർഥികൾക്ക് പി.എസ്.സി പരീക്ഷകൾ അഗ്നിപരീക്ഷയായി മാറുന്നു.
പരീക്ഷയെഴുതാൻ മണിക്കൂറുകൾ സഞ്ചരിച്ച് എത്തേണ്ട അവസ്ഥയിലാണ് പെൺകുട്ടികളടക്കം ഉദ്യോഗാർഥികൾ. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുക്കാതെ അശാസ്ത്രീയമായി പരീക്ഷ കേന്ദ്രങ്ങൾ തീരുമാനിക്കുന്നതിനെതിരെ ഉദ്യോഗാർഥികൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. തൊടുപുഴയിൽനിന്ന് മൂന്നര മണിക്കൂറോളം യാത്രദൂരമുള്ള കട്ടപ്പനയിലാണ് പി.എസ്.സി ജില്ല ഓഫിസ് പ്രവർത്തിക്കുന്നത്.
തൊടുപുഴ താലൂക്കിലെ നല്ലൊരു വിഭാഗം ഉദ്യോഗാർഥികൾക്കും പരീക്ഷകേന്ദ്രം അനുവദിക്കുന്നത് ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലാണ്. ഈ മേഖലകളിലുള്ളവർക്ക് തൊടുപുഴ താലൂക്കിലും. ഇതുമൂലം പരീക്ഷ കേന്ദ്രത്തിലെത്താൻ ഉദ്യോഗാർഥികൾ 60 മുതൽ 125 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യേണ്ടിവരുന്നു. ഒരേ ജില്ലയിലാണെങ്കിലും തൊടുപുഴയിൽനിന്ന് കുമളി മേഖലയിലെ ഏത് പരീക്ഷ കേന്ദ്രത്തിലെത്താനും 100 കിലോമീറ്ററിലധികം താണ്ടേണ്ടിവരും. രാവിലെ നടക്കുന്ന പരീക്ഷകൾക്ക് തലേദിവസം സ്ഥലത്തെത്തി താമസിക്കേണ്ട അവസ്ഥയാണ്. മിക്കപ്രദേശങ്ങളിലേക്കും ആവശ്യത്തിന് ബസ് സൗകര്യമില്ലാത്തതും ഉള്ള ബസുകളിൽ പരീക്ഷ ദിവസങ്ങളിൽ അനുഭവപ്പെടുന്ന തിരക്കും ഉദ്യോഗാർഥികളെ ഏറെ വലക്കുന്നു. വനിതകൾക്കും ഭിന്നശേഷിക്കാർക്കും സ്വന്തം താലൂക്കിൽ മുൻഗണന നൽകേണ്ടതിനാലാണ് മറ്റ് ഉദ്യോഗാർഥികൾക്ക് വിദൂര സ്ഥലങ്ങളിൽ പരീക്ഷകേന്ദ്രം അനുവദിക്കേണ്ടിവരുന്നത് എന്നാണ് പി.എസ്.സി അധികൃതരുടെ വിശദീകരണം.
തൊടുപുഴ താലൂക്കിൽ രാവിലെ നടക്കുന്ന പരീക്ഷകൾക്ക് കട്ടപ്പനയിലെ പി.എസ്.സി ഓഫിസിൽനിന്ന് ചോദ്യപേപ്പറുകളും മറ്റും അർധരാത്രിക്ക് ശേഷം വനമേഖലയിലൂടെ കൊണ്ടുവരേണ്ടിവരും. ഇത് സുരക്ഷിതമല്ലാത്തതിനാൽ ഇത്തരം പരീക്ഷകൾക്ക് തൊടുപുഴ താലൂക്കിൽ പരീക്ഷകേന്ദ്രം അനുവദിക്കാനവാത്ത അവസ്ഥയുണ്ടെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.