ഇടുക്കി, കല്ലാര്‍കുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയവിതരണം: സര്‍വേ 20ന് ആരംഭിക്കും
text_fieldsതൊടുപുഴ: ഇടുക്കി, കല്ലാര്‍കുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയവിതരണത്തിന് മുന്നോടിയായുള്ള സര്‍വേ ഈ മാസം 20ന് ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് സംസ്ഥാനതല പട്ടയ മിഷന്റെ ഭാഗമായി പട്ടയം ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്ന 58 ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂന്ന് ചെയിന്‍, കല്ലാര്‍കുട്ടി ഡാമിന്റെ 10 ചെയിന്‍, ചെങ്കുളം ഡാമിന്റെ 10 ചെയിന്‍ മേഖലകളില്‍ ദീര്‍ഘകാലമായി പട്ടയം അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പട്ടയ നടപടികളുടെ ആദ്യഘട്ടമായി ഈ മേഖലകളില്‍ സര്‍വേ നടപടി ആരംഭിക്കും.
ജില്ലയിലെ പട്ടികവര്‍ഗ മേഖലകളില്‍ ഉള്‍പ്പെടെ പട്ടയം അനുവദിക്കുന്നതിന് പുറപ്പെടുവിച്ചിരുന്ന 20/2020 എന്ന സര്‍ക്കാര്‍ ഉത്തരവിലെ സാങ്കേതിക പ്രശ്നം പരിഹരിച്ച് ഭേദഗതി വരുത്തി പട്ടയം അനുവദിക്കുന്ന നടപടി അടിയന്തര പ്രാധാന്യത്തോടെ തുടരും. പീരുമേട് താലൂക്കിലെ ക്ലാപ്പാറ, കൊക്കയാര്‍ എന്നീ പ്രദേശങ്ങളില്‍ 20/2020 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പതിവ് നടപടി ആരംഭിക്കും.
2024 ജനുവരിയില്‍ 4115 പട്ടയങ്ങളും മേയിൽ 25,000 പട്ടയങ്ങളും വിതരണം ചെയ്യുന്നതിന് തീരുമാനം എടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ പട്ടികവര്‍ഗ സെറ്റില്‍മെന്റുകളില്‍ ഉടന്‍തന്നെ പട്ടയം അനുവദിക്കുന്നതിന് നടപടി ഊര്‍ജിതപ്പെടുത്തുന്നതിനായി വ്യക്തമായ പദ്ധതി തയാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ഡോ. കൗശിഗന്, ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.